ബംഗളൂരു: ഇന്ത്യന്‍ പേസര്‍ യഷ് ദയൽ ഈ സീസണിൽ കളിക്കില്ലെന്ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താരം ടീമിനൊപ്പം ചേരാത്തത് എന്നാണ് മാനേജ്‌മെന്റ് നൽകുന്ന വിശദീകരണം. എന്നാൽ താരവുമായി ബന്ധപ്പെട്ട കരാർ തുടരുമെന്നും ആർസിബി അധികൃതർ വ്യക്തമാക്കി. “യഷ് വ്യക്തിപരമായ ചില പ്രശ്നങ്ങളിലാണ് ഇപ്പോൾ. താരവുമായുള്ള കരാർ അവസാനിപ്പിച്ചിട്ടില്ല. പക്ഷേ ഈ സീസണിൽ ഞങ്ങളോടൊപ്പം അയാൾ ഉണ്ടാകില്ല.” ആർ സി ബി ഡയറക്ടർ മോ ബോബാറ്റ് പറഞ്ഞു.
കഴിഞ്ഞ സീസണിൽ ബംഗളൂരുവിന് കിരീടം നേടുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് യഷ്. 13 വിക്കറ്റുകൾ താരം കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയിരുന്നു. ഇത്തവണ ബംഗളൂരു നിലനിർത്തിയ താരങ്ങളിൽ ഒരാൾ കൂടിയായാണ് യഷ്. യാഷിന് പകരം ഭുവനേശ്വർ കുമാർ,ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരാകും ടീമിന്റെ ബൗളിങ് നിരയെ നിയന്ത്രിക്കുക. അതേ സമയം, താരത്തിനെതിരായ പീഡന പരാതികളിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ. യഷ് ദയലിനെതിരെ രണ്ട് പീഡന പരാതികളാണ് നിലവിലുള്ളത്.
ഗാസിയാബാദ് സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ആദ്യ പരാതി. ഇതിൽ പൊലീസ് കേസെടുക്കുകയും താരത്തിനെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു. മറ്റൊരു കേസിൽ 17കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ കേസിലും താരം അന്വേഷണം നേരിടുകയാണ്.















































