തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ചലച്ചിത്രതാരം സുധീർ കരമന മത്സരിക്കും. ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎ ആൻ്റണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്. തീരുമാനത്തിനെതിരെ ആദ്യഘട്ടത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് രംഗത്തെത്തിയിരുന്നുവെങ്കിലും പിന്നീട് സിപിഎം നേതൃത്വം ഇടപെടുകയായിരുന്നു. സുധീർ കരമനയ്ക്ക് മികച്ച വിജയസാധ്യതയുണ്ടെന്നാണ് മുന്നണി വിലയിരുത്തൽ.
ഇടതു സ്ഥാനാർഥിയായി സുധീർ കരമന വന്നതോടെ ബിജെപിയും അടവു മാറ്റി. മണ്ഡലത്തിൽ നിലവിൽ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന ജില്ലാ പ്രസിഡന്റ് കരമന ജയനെ മാറ്റി നടൻ ജി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കാൻ നീക്കം നടത്തുന്നതായി അറിയുന്നു. പൊതുസമ്മതനായ കൃഷ്ണ കുമാറിന്റെ വരവ് മണ്ഡലത്തിൽ ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനുവേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന വ്യക്തയാണ് സുധീർ കരമന. അദ്ദേഹത്തിൻ്റെ ജനപ്രീതിയും രാഷ്ട്രീയ പശ്ചാത്തലവും മണ്ഡലത്തിൽ ഇടത് മുന്നണിക്ക് ഗുണകരമാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നടൻ കരമന ജനാർദ്ദനൻ നായരുടെ മകനാണ് സുധീർ കരമന.
സിഎംപിയുടെ സി.പി.ജോണാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനാധിപത്യ കേരളാ കോൺഗ്രസ് മത്സരിച്ച ഏക സീറ്റായിരുന്നു തിരുവനന്തപുരത്തേത്. ജയിച്ച ആന്റണി രാജു മന്ത്രിയാവുകയും ചെയ്തു. തൊണ്ടിമുതൽകേസിൽ ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്. കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തതോടെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത തുടർന്നു.













































