പെരുമ്പാവൂർ: രണ്ടാം സ്ഥാനാർഥി പട്ടികയിൽ പേരില്ലാത്തതിൽ നിരാശ പരസ്യമാക്കി സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. സീറ്റ് ലഭിക്കാത്തതിൽ വേദനയുണ്ടെന്നും പാർട്ടിയോട് കൂറുള്ളവനാണെന്നും പ്രതിഷേധമില്ലെന്നും എൽദോസ് കുന്നപ്പിള്ളി പട്ടിക പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതികരണം. കെ സി വേണുഗോപാൽ, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കൾ അവസാന നിമിഷംവരെ പിന്തുണ നൽകിയെന്നും നന്ദിയുണ്ടെന്നും എൽദോസ് അറിയിച്ചു. നാമനിർദേശപത്രിക ഉൾപ്പെടെ തയ്യാറാക്കി വച്ചിരിക്കുകയാണെന്നും കൂടെ നിന്ന സഹപ്രവർത്തകരോട് ഉൾപ്പെടെ ചേർന്ന് അടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളിയുടെ വാക്കുകൾ ഇങ്ങനെ
‘വളരെ പ്രതീക്ഷയോടെയാണ് അവസാന നിമിഷം വരെ ഇരുന്നത്. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, മുൻ പ്രതിപക്ഷ നേതാവ് അടക്കമുള്ള സംസ്ഥാന നേതൃത്വം കേരളത്തിലെ സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് ഉണ്ടാകുമെന്ന് വാക്ക് നൽകിയിരുന്നു. വോട്ടർപട്ടികയിൽ ഒമ്പതിനായിരത്തോളം വോട്ടുകൾ ചേർത്തു. പെരുമ്പാവൂരിലെ മുഴുവൻ പഞ്ചായത്ത് മുൻസിപ്പൽ ചെയർമാൻമാർ ഉൾപ്പെടെ താൻ സ്ഥാനാർത്ഥിയാകണമെന്ന് ആഗ്രഹിച്ചു. എന്നാൽ അതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച നേതൃത്വത്തിന്റെ തീരുമാനത്തിൽ നിരാശയും വേദനയുമുണ്ട്’.
നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായത് പ്രതീക്ഷിച്ച ഒരു തീരുമാനമല്ല. തനിക്ക് സീറ്റ് തരാതെ മാറ്റി നിർത്തിയ അതേ കാരണമുള്ള മറ്റൊരാൾക്കും ഇടതുപക്ഷത്ത് നിന്നും വന്നവർക്കും സീറ്റ് നൽകി. പിപി തങ്കച്ചന്റെ വിയോഗമാണ് പിന്തുണ ലഭിക്കാതെ പോയത്. കൂടെ നിന്ന സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവരുമായി ചേർന്ന് അടുത്ത നടപടികൾ തീരുമാനിക്കും. നാമനിർദേശ പത്രിക ഉൾപ്പെടെ തയ്യാറാക്കി വച്ചിരിക്കുകയാണ്. പാർട്ടിയോട് പ്രതിഷേധമൊന്നുമില്ല കൂറുള്ള ആളാണ് താൻ എന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
അതേസമയം 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണു രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. കണ്ണൂരിൽ കെ. സുധാകരന് സീറ്റില്ല, പകരം നേരത്തെ കണക്കുകൂട്ടിയതുപോലെ ടി.ഒ. മോഹനനാണ് സ്ഥാനാർഥി. മാത്രമല്ല സുധാകരൻ നിർദേശിച്ച റിജിൽ മാക്കുറ്റിയെയും കണ്ണൂരിൽ പരിഗണിച്ചില്ല. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്കും കോന്നിയിൽ അടൂർ പ്രകാശിനും സീറ്റില്ല. പെരുമ്പാവൂരിൽ മനോജ് മൂത്തേടനാണ് സ്ഥാനാർഥി. കോന്നിയിൽ പ്രഫ. സതീഷ് കൊച്ചുപറമ്പിലും മത്സരിക്കും.
സ്ഥാനാർഥി പട്ടിക ഇങ്ങനെ
1.ഉദുമ–കെ.നീലകണ്ഠൻ
2.തൃക്കരിപ്പൂർ–സന്ദീപ് വാരിയർ
3. കല്യാശ്ശേരി–രാജീവൻ കാപ്പച്ചേരി
4. കണ്ണൂർ–ടി.ഒ. മോഹനൻ
5. മട്ടന്നൂർ–ചന്ദ്രൻ തില്ലങ്കേരി
6. പട്ടാമ്പി–ടി.പി.ഷാജി
7. ഷൊർണൂർ–പി.ഹരിഗോവിന്ദൻ
8. കുന്നംകുളം–അജയ് മോഹൻ
9. വടക്കാഞ്ചേരി–വൈശാഖ് നാരായണസ്വാമി
10. പെരുമ്പാവൂർ– മനോജ് മൂത്തേടൻ
11. വൈപ്പിൻ– ടോണി ചെമ്മണി
12. കൊച്ചി– മുഹമ്മദ് ഷിയാസ്
13. തൃപ്പൂണിത്തുറ– ദീപക് ജോയി
14. ദേവികുളം–എഫ്–രാജ
15. ഉടുമ്പൻചോല– സേനാപതി വേണു
16. ഇടുക്കി– റോയ് കെ. പൗലോസ്
17. പീരുമേട്– സിറിയക് തോമസ്
18. ഏറ്റുമാനൂർ–നാട്ടകം സുരേഷ്
19. കാഞ്ഞിരപ്പള്ളി– പ്രഫ. റോണി കെ.ബേബി
20. പൂഞ്ഞാർ– സെബാസ്റ്റ്യൻ എം.ജെ
21. ആലപ്പുഴ– എ.ഡി. തോമസ്
22. കായംകുളം – എം.ലിജു
23. ചെങ്ങന്നൂർ – എബി കുര്യാക്കോസ്
24. റാന്നി – പഴംകുളം മധു
25. ആറന്മുള – അബിൻ വർക്കി
26. കോന്നി – പ്രഫ. സതീഷ് കൊച്ചുപറമ്പിൽ
27. അടൂർ (എസ്.സി) – ശാന്തകുമാർ
28. ചടയമംഗലം– എം.എം. നസീർ
29. വർക്കല – വർക്കല കഹാർ
30. നെടുമങ്ങാട് – മീനാങ്കൽ കുമാർ
31. വാമനപുരം – സുധീർഷാ പാലോട്
32. കഴക്കൂട്ടം – ശരത്ചന്ദ്ര പ്രസാദ്
33. നേമം – കെ.എസ് ശബരീനാഥൻ
34. അരുവിക്കര – വി.എസ് ശിവകുമാർ
35. പാറശാല – നെയ്യാറ്റിൻകര സനൽ
36. കാട്ടാക്കട – എം.ആർ ബൈജു
37. നെയ്യാറ്റിൻകര – എൻ.ശക്തൻ











































