പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരരംഗത്തിറങ്ങുന്ന ആത്മവിശ്വാസത്തിലാണ് രമേശ് പിഷാരടി. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താൻ പോരാട്ടത്തിനിറങ്ങുന്നതെന്ന് പിഷാരടി വ്യക്തമാക്കി. പ്രചാരണത്തിന് ആരെയും നിർബന്ധിക്കില്ലെങ്കിലും താൻ വിജയിച്ചാൽ മമ്മൂട്ടിയെ പാലക്കാട് മണ്ഡലത്തിൽ എത്തിക്കുമെന്നും അദ്ദേഹം വോട്ടർമാർക്ക് ഉറപ്പുനൽകി. പാർട്ടി ഏൽപ്പിച്ച വലിയ ഉത്തരവാദിത്തം സന്തോഷത്തോടെ ഏറ്റെടുക്കുന്നു.
കുറഞ്ഞ സമയമേ മുന്നിലുള്ളൂ എങ്കിലും ജനങ്ങളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് തീരുമാനം. മണ്ഡലത്തിൽ തന്നെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്തത് പ്രചാരണത്തിൽ ഗുണകരമാകുമെന്നും രമേശ് പിഷാരടി പറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിൽ എം.എൽ.എ എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് നടത്തിയത്. ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും ആരംഭിച്ച വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായിരിക്കും തന്റെ ലക്ഷ്യമെന്നും പിഷാരടി കൂട്ടിചേർത്തു. രാഷ്ട്രീയത്തിൽ വിവാദങ്ങൾ സ്വാഭാവികമാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലാണ്.
രാഹുൽ മണ്ഡലത്തിൽ നടപ്പിലാക്കിയ കാരുണ്യ പ്രവർത്തനങ്ങൾ വിസ്മരിക്കാനാവില്ല. ഒന്നര വർഷത്തിനിടെ 13 വീടുകൾ നിർമിച്ച് നൽകിയ രാഹുലിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ താൻ ഏറ്റെടുക്കുമെന്നും പിഷാരടി വ്യക്തമാക്കി. പ്രത്യേക തന്ത്രങ്ങളൊന്നുമില്ലാതെ ലളിതമായ പ്രചാരണ രീതിയായിരിക്കും പിന്തുടരുക. ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് മുൻഗണന നൽകുന്നതെന്നും രമേശ് പിഷാരടി പാലക്കാട്ട് പറഞ്ഞു. അര നൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ ആണ് മത്സരിക്കുക. അഭിമാനം സന്തോഷം. ഇനി പാലക്കാടുള്ള ജനങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണനയെന്നും രമേഷ് പിഷാരടി പറഞ്ഞു.


















































