തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ഐ.എം വിജയൻ. താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞ വിജയൻ, രാജ്യസഭയിലേക്ക് നേരിട്ട് നാമനിർദേശം ചെയ്യപ്പെട്ടാൽ എംപി സ്ഥാനം ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്നും വ്യക്തമാക്കി. തൃശ്ശൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകായിരുന്നു അദ്ദേഹം.
തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിനിധിയും സുരേഷ് ഗോപി എംപിയും ഉൾപ്പെടെയുള്ളവർ തന്നെ സമീപിച്ചിരുന്നുവെങ്കിലും മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നെന്ന് വിജയൻ പറഞ്ഞു. കരിയറിലുടനീളം വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളിൽ നിന്ന് ലഭിച്ച പിന്തുണയും സ്‌നേഹവും അദ്ദേഹം നന്ദിയോടെ സ്മരിച്ചു. ആദ്യമായി പോലീസിൽ കിട്ടിയത് കരുണാകരൻ സാറിന്റെ കാലത്താണ്, പിന്നീട് പ്രമോഷൻ കിട്ടിയത് പിണറായിയും കൊടിയേരി സഖാവും ഉള്ള സമയത്താണ്. പത്മശ്രീ കിട്ടിയ സമയത്ത് ബിജെപിയും. അതിനാൽതന്നെ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകുന്നതിനേക്കാൾ എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹം നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും വിജയൻ പറഞ്ഞു.
കായിക മേഖലയെ പ്രതിനിധീകരിക്കുന്ന ഒരു നോമിനേറ്റഡ് എംപി സ്ഥാനത്തോട് തനിക്ക് താത്പര്യമുണ്ടെന്നും എന്നാൽ നേരിട്ടുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്നുമാണ് വിജയന്റെ നിലപാട്. തന്റെ കരിയറിന്റെ വിവിധ ഘട്ടങ്ങളിൽ കെ. കരുണാകരൻ, കോടിയേരി ബാലകൃഷ്ണൻ, ഉമ്മൻ ചാണ്ടി, പിണറായി വിജയൻ തുടങ്ങിയ വിവിധ രാഷ്ട്രീയ നേതാക്കൾ തന്നെ സഹായിച്ചിട്ടുണ്ടെന്നും വിജയൻ വെളിപ്പെടുത്തി. അതിനാൽ തന്നെ ഒരു പ്രത്യേക പാർട്ടിയുടെ മാത്രം ആളായി നിൽക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു.















































