മസ്‌കറ്റ്: ഹോർമൂസ് കടലിടുക്കിന് സമീപം ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ തായ്‌ലാൻഡ് പതാകയിലുള്ള ചരക്കുകപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായതോടൊപ്പം കനത്ത കറുത്ത പുക ഉയർന്നതായി തായ്‌ലൻഡിൻ്റെ റോയൽ നേവി അറിയിച്ചു.
‘മയൂരി നാരി’ എന്ന ബൾക്ക് കയറിയ കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. തായ് കമ്പനിയായ പ്രെഷ്യസ് ഫിപ്പിങ് പിസിഎൽ ഉടമസ്ഥതയിലുള്ള കപ്പലിലെ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട് ഇന്ത്യയിലെ കണ്ട്ല തുറമുഖത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
തായ് നേവി പുറത്തുവിട്ട ചിത്രങ്ങളിൽ കപ്പലിൻ്റെ ഹാൾ ഭാഗത്തുനിന്നും മേൽഭാഗത്തുനിന്ന് കനത്ത കറുത്ത പുക ഉയരുന്നതും കടലിൽ ഒഴുകുന്ന ലൈഫ് റാഫ്റ്റുകൾ വ്യക്തമാണ്. ആക്രമണത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന നാവികർ അടിയന്തരമായി ലൈഫ് റാഫ്റ്റുകളിലേക്ക് മാറിയെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ഒമാൻ നേവി രക്ഷാപ്രവർത്തനം നടത്തി. ഇതുവരെ 20 നാവികരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. കാണാതായി മൂന്നുനാവികർക്കായി തെരച്ചിൽ തുടരുകയാണെന്ന് തായ് നേവി വ്യക്തമാക്കി. അതേസമയം ആക്രമണത്തിൻ്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെ ബ്രിട്ടൻ്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) കഴിഞ്ഞ ദിവസം ഗൾഫ് മേഖലയിലുണ്ടായ മറ്റൊരു സംഭവത്തിൽ മൂന്ന് വ്യാപാര കപ്പലുകൾ ആക്രമിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ആക്രമിക്കപ്പെട്ട കപ്പൽ അതിലൊന്നാണോയെന്നത് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.
ഇസ്രായേൽ– ഇറാൻ സംഘർഷം ശക്തമായ പശ്ചാത്തലത്തിലാണ് ആക്രമണമുണ്ടായത്. ഫെബ്രുവരി 28ന് അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ ഇറാനെതിരെ വ്യോമാക്രമണം നടത്തിയതിനെ തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാവുകയാണ്. ഇതിനുള്ള പ്രതികാരമായി ഇറാൻ ഇസ്രായേലിനും അമേരിക്കൻ സൈനിക താവളങ്ങൾ ഉള്ള മധ്യപൂർവേഷ്യൻ രാജ്യങ്ങൾക്കും നേരെ ആക്രമണം നടത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതയായ ഹോർമൂസ് കടലിടുക്കിലൂടെ ദിവസേന വൻ തോതിൽ എണ്ണയും ചരക്കുകളും കടന്നുപോകുന്നു. ഈ മേഖലയിലുണ്ടാകുന്ന ആക്രമണങ്ങൾ ആഗോള വ്യാപാരത്തിനും ഔർജ വിതരണത്തിനും വലിയ ആശങ്കകൾ സൃഷ്ടിക്കുന്നതായി വിദഗ്ധർ വിലയിരുത്തുന്നു. ഏകദേശം 178 മീറ്റർ നീളവും 30,000 ടൺ ഭാരമുള്ള ബൾക്ക് കാരിയർ കപ്പലാണ് ‘മയൂരി നരീ’. സംഭവത്തെ തുടർന്ന് ഹോർമോസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര ചരക്കുകപ്പലുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർന്നിരിക്കുകയാണ്.















































