ന്യൂഡൽഹി: കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് 13 വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി. ഇന്ത്യയിൽ ആദ്യമായാണ് ദയാവധത്തിന് സുപ്രിംകോടതി അനുമതി നൽകുന്നത്. ഒന്നു ചലിക്കാൻ പോലുമാകാതെ തന്റെ മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ് ഹരീഷ് റാണ കഴിയുന്നത്. 2013 ഓഗസ്റ്റ് 20ന് കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു വീണതോടെയാണ് നോയിഡ സ്വദേശി ഹരീഷ് റാണ (32)യുടെ ശരീരം തളർന്നത്.
ചലിക്കാൻ പോലും കഴിയാതെ കിടക്കുന്ന ഹരീഷിന്റെ ശരീരത്തിലാകെ മുറിവുകളാണ്. ട്യൂബിലൂടെയാണു ഭക്ഷണം നൽകുന്നത്. ഓക്സിജൻ ട്യൂബുമുണ്ട്. ഭേദപ്പെടുത്താനാകാത്തവിധം രോഗാവസ്ഥയിലാകുന്നവർക്കു മരുന്നും ഭക്ഷണവും മറ്റും ക്രമേണ നിർത്തിയുള്ള മരണം (പാസീവ് യുത്തനേസ്യ) അനുവദിക്കാറുണ്ട്. എന്നാൽ, ഡോക്ടറുടെ മേൽനോട്ടത്തിൽ മരുന്നും ഇൻജക്ഷനും മറ്റും ഉപയോഗിച്ചുള്ള മരണം (ആക്ടീവ് യുത്തനേസ്യ) ഇന്ത്യയിൽ അനുവദിച്ചിട്ടില്ല.
കൃത്രിമ ജീവൻരക്ഷാ ഉപകരണങ്ങളിലൂടെ ആയുസ്സ് നീട്ടുന്നത് അവരുടെ അന്തസ്സിനു വിരുദ്ധമാണെന്നും വീണ്ടെടുക്കൽ പ്രതീക്ഷയില്ലെന്നു പറയുമ്പോൾ ഒരു വ്യക്തിക്ക് മരണം തിരഞ്ഞെടുക്കാമെന്നും സുപ്രീം കോടതി വിധിച്ചു. ഹരീഷ് റാണയുടെ ജീവൻ നിലനിർത്തുന്ന ലൈഫ് സപ്പോർട്ട് ചികിത്സ പിൻവലിക്കാൻ അനുമതി നൽകിയാണ് കോടതി തീരുമാനം എടുത്തത്. രോഗിയുടെ മാന്യതയും മനുഷ്യാഭിമാനവും സംരക്ഷിക്കുന്ന രീതിയിൽ ചികിത്സ അവസാനിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
Supreme Court of Indiaയിലെ ജസ്റ്റിസ് ജെ.ബി. പാർദിവാലയും ജസ്റ്റിസ് കെ.വി. വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് ഹരീഷ് റാണയുടെ ഹർജി പരിഗണിച്ച് വിധി പ്രസ്താവിച്ചത്. വിധിയുടെ ഭാഗമായി റാണയെ എയിംസിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ച്, സൂക്ഷ്മമായ മെഡിക്കൽ പദ്ധതിയുടെ അടിസ്ഥാനത്തിൽ ലൈഫ് സപ്പോർട്ട് സംവിധാനങ്ങൾ പിൻവലിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
ഇത്തരം കേസുകളിൽ രോഗിയുടെ മികച്ച താൽപര്യമാണ് പ്രധാന പരിഗണനയായിരിക്കേണ്ടത്. രോഗിക്ക് ചികിത്സയെക്കുറിച്ച് ബോധപൂർവമായ തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ “ബെസ്റ്റ് ഇന്ററസ്റ്റ്” എന്ന തത്വമാണ് പ്രയോഗിക്കേണ്ടതെന്ന് കോടതി വിശദീകരിച്ചു. രോഗിയുടെ ക്ഷേമവും മാന്യതയും മുൻനിർത്തിയാണ് തീരുമാനം എടുക്കേണ്ടതെന്ന് വിധി പ്രസ്താവിക്കുമ്പോൾ ജസ്റ്റിസ് കെ.വി. വിശ്വനാഥൻ വ്യക്തമാക്കി.
അതേസമയം കോടതി മുൻപ് നൽകിയിരുന്ന Common Cause vs Union of India കേസിലെ വിധിയെ കോടതി പരാമർശിക്കുകയും ചെയ്തു. ജീവൻ നിലനിർത്തുന്ന ചികിത്സ പിൻവലിക്കുന്നതിന് രണ്ട് അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കോടതി വ്യക്തമാക്കി. ഒന്നാമത്, പിൻവലിക്കപ്പെടുന്ന ഇടപെടൽ മെഡിക്കൽ ചികിത്സയായിരിക്കണം. രണ്ടാമത്, അത് രോഗിയുടെ മികച്ച താൽപര്യത്തിനായി വേണ്ടിയുള്ള തീരുമാനമായിരിക്കണം. അതുപോലെ ഹരീഷ് റാണയെ വർഷങ്ങളോളം പരിചരിച്ച കുടുംബത്തിന്റെ സമർപ്പണത്തെയും കോടതി പ്രത്യേകം പരാമർശിച്ചു. കുടുംബാംഗങ്ങൾ ഒരിക്കലും അദ്ദേഹത്തെ വിട്ടുപോയില്ലെന്നും, ഏറ്റവും പ്രയാസകരമായ സമയത്തുപോലും അവർ നൽകിയ സ്നേഹവും പരിചരണവും ശ്രദ്ധേയമാണെന്നും കോടതി പറഞ്ഞു. സ്നേഹവും ജീവിതവും നഷ്ടവും സംബന്ധിച്ച സങ്കീർണ്ണമായ മാനുഷിക വികാരങ്ങളോടെയാണ് ഈ വിധി ബന്ധപ്പെട്ടിരിക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു.
ചികിത്സ രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അത് തുടരുന്നത് ജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതല്ലെന്ന നിലപാടും കോടതി വ്യക്തമാക്കി. പാസീവ് യൂത്തനേഷ്യ ടെർമിനൽ രോഗികളിൽ മാത്രമേ ബാധകമാകൂ എന്ന ഹൈക്കോടതിയുടെ നിരീക്ഷണം തെറ്റാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഒരു രോഗി സ്ഥിരമായ വെജിറ്റേറ്റീവ് അവസ്ഥയിൽ ആയാലും മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ പിൻവലിക്കൽ പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
അതുപോലെ പാലിയേറ്റീവ് കെയറും എൻഡ്-ഓഫ്-ലൈഫ് കെയറും ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ആവശ്യമായ മെഡിക്കൽ പരിചരണം ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കുന്നുവെങ്കിൽ രോഗിയുടെ വീട്ടിലോ മറ്റ് അനുയോജ്യമായ സ്ഥലങ്ങളിലോ ഇത്തരം പരിചരണം നൽകാൻ അനുവാദമുണ്ടെന്നും കോടതി പറഞ്ഞു.
പാസീവ് യൂത്തനേഷ്യ എന്നത് രോഗിയുടെ ജീവൻ നിലനിർത്താൻ ആവശ്യമായ ചികിത്സയോ ലൈഫ് സപ്പോർട്ട് സംവിധാനങ്ങളോ ബോധപൂർവമായി പിൻവലിക്കുന്നതിലൂടെ സ്വാഭാവിക മരണം അനുവദിക്കുന്ന രീതിയെയാണ് സൂചിപ്പിക്കുന്നത്. ഹരീഷ് റാണയുടെ കേസിൽ ഈ നടപടികൾ രോഗിയുടെ മാന്യതയും മനുഷ്യാഭിമാനവും സംരക്ഷിക്കുന്ന രീതിയിൽ നടപ്പാക്കണമെന്ന് സുപ്രീംകോടതി പ്രത്യേകമായി നിർദ്ദേശിച്ചിട്ടുണ്ട്.
















































