ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെതുടർന്ന് കപ്പൽ ഗതാഗതം നിലച്ച ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍.അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നടക്കം ഇറക്കുമതി ചെയ്യുന്നതിനുള്ള നീക്കം നടന്നുവരുന്നുവെന്നാണ് റിപ്പോർട്ട്. അധികം വൈകാതെ പുതുവഴികളിലൂടെയുള്ള ഇറക്കുമതി സാധ്യമാക്കും. അതു കൂടാതെ, സർക്കാർ നിർദേശത്തെ തുടർന്ന് രാജ്യത്തെ പെട്രോളിയം കമ്പനികൾ 10 ശതമാനം ഉൽപാദനം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇറാൻ യുഎസ് സംഘർഷം അതിരൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾക്ക് പശ്ചിമേഷ്യയിലേക്കും തിരിച്ചും സുരക്ഷിതമായി സഞ്ചരിക്കാൻ ആകുന്നില്ല. ഇന്ത്യയിലേക്കുള്ള പാചക വാതകത്തിന്‍റെ ഭൂരിഭാഗവും ഇവിടെ നിന്ന് വരുന്നതാണ്. ഈ വരവ് നിലച്ചതോടെയാണ് രാജ്യത്ത് പ്രതിസന്ധി രൂക്ഷമായത്.
അടിയന്തരമായി 10 ലക്ഷം ടൺ എൽപിജി വാങ്ങാനുള്ള നടപടി സ്വീകരിച്ചെന്ന് കേന്ദ്രസര്‍ക്കാർ. പ്രധാനമായും യുഎസ് വിപണിയിൽ നിന്നാണ് ഇവ വാങ്ങുന്നത്. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മതിയായ സ്റ്റോക്ക് എത്തിക്കുമെന്നുമാണ് സർക്കാർ വിശദീകരണം. സ്ഥിതിഗതികൾ പരിശോധിച്ച് നിയന്ത്രണത്തിൽ ഇളവ് വരുത്തുമെന്നും കേന്ദ്രവും എണ്ണക്കമ്പനികളും അറിയിച്ചിട്ടുണ്ട്.
പ്രതിവർഷം 31.3 ദശലക്ഷം ടണ്ണാണ് രാജ്യത്തെ എൽപിജി ഉപഭോഗം. ഇതിൽ 87 ശതമാനവും ഗാര്‍ഹിക ഉപഭോക്താക്കളാണ്. രാജ്യത്ത് ആവശ്യമായി വരുന്ന പാചക വാതകത്തിന്‍റെ 65 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. ഇറക്കുമതിയുടെ 90 ശതമാനവും നടക്കുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ്.
എൽപിജി സിലിണ്ടർ വിതരണത്തില്‍ ഗാർഹിക ഉപയോക്താക്കൾക്ക് മുൻഗണന നൽകാനാണ് കേന്ദ്രസർക്കാർ നിർദ്ദേശം. വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് രാജ്യത്തെ വ്യവസായ മേഖലയ്ക്ക് വൻ തിരിച്ചടിയാണ്. ഹോട്ടല്‍ മേഖല അടക്കമുള്ള പല വ്യവസായങ്ങളും പാചക വാതകത്തിന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്നവയാണ്. ഇവയ്ക്ക് മതിയായ സിലിണ്ടറുകൾ ലഭിക്കാതെ വന്നാൽ സ്ഥിതി അതിരൂക്ഷമാകും. കേരളത്തിലേത് അടക്കമുള്ള ഹോട്ടലുകൾ അടച്ചിടേണ്ടി വരുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും വാണിജ്യ സിലിണ്ടറുകൾ നൽകുന്നത് തുടരും.
ഭക്ഷണശാലകൾക്ക് പുറമെ നിരവധി വ്യവസായ മേഖലകളിലും പാചക വാതകം ഉപയോഗിക്കുന്നുണ്ട്. സ്റ്റീൽ നിർമാണം, വളം നിർമാണം, ഫുഡ് പാക്കേജിങ്, വാഹന നിർമാണം, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ മേഖലകൾ പ്രതിസന്ധിയിലാകും. എൽപിജി ക്ഷാമം രൂക്ഷമാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഇന്ത്യയിൽ ഇൻഡക്ഷൻ കുക്കർ വിൽപനയും തകൃതിയായി നടക്കുന്നുണ്ട്.
നരേന്ദ്രമോദി കൊച്ചിയിലെത്തി; പ്രതിഷേധ സാധ്യത മുൻനിർത്തി 5 കോൺഗ്രസ് നേതാക്കൾ കരുതൽ കസ്റ്റഡിയിൽ
















































