പാലക്കാട്: ജില്ലയിലെ സിപിഎം വിമതരുടെയും അസംതൃപ്തരുടെയും കൂട്ടായ്മ സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായിരുന്ന പി.കെ. ശശി ഉദ്ഘാടനം ചെയ്തു. ചന്ദ്രനഗർ പാർവതി കല്യാണ മണ്ഡലത്തിൽ നടന്ന കൺവൻഷനിൽ മുദ്രാവാക്യം വിളികളോടെയാണ് ശശിയെ പ്രവർത്തകർ സ്വീകരിച്ചത്.
ഇത് വിമതരുടെ കൂട്ടായ്മയല്ലെന്നും ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാരുടെ കൺവൻഷനാണെന്നും പി.കെ. ശശി പ്രസംഗത്തിൽ പറഞ്ഞു. ഞങ്ങൾ ആഗ്രഹിച്ചിട്ടല്ല ഇവിടെ ഇങ്ങനെ നിൽക്കേണ്ടി വന്നത്. ഞങ്ങൾ നിർബന്ധിതരായതാണ്… ആ സാഹചര്യം പാലക്കാട് ജില്ലയിൽ നിലനിൽക്കുന്നു. പാലക്കാട് ജില്ലയിൽ സിപിഎം നേതാക്കൾ അഴിമതി നടത്തി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ സ്പിരിറ്റ് കടത്തിയ കേസിലെ ഒന്നാം പ്രതിയാണ്. ശരിയായ നിലപാടെടുത്തവർ പുറത്താക്കപ്പെട്ടു. ചിലരെ തരം താഴ്ത്തി. ജോലിയിൽനിന്നും പിരിച്ചുവിട്ടു. അവരുടെ പ്രതിഷേധമാണ് ഈ നടക്കുന്നതെന്നും ശശി പറഞ്ഞു.
അതേസമയം സിപിഎം ജില്ലാ നേതൃത്വത്തിന്റെ സമീപനത്തിൽ പ്രതിഷേധമുള്ള എല്ലാ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇടതുപക്ഷ പ്രവർത്തനങ്ങളിൽ അസംതൃപ്തരായവരുടെ കൂട്ടായ്മയാണു നിലവിലുള്ളത്. ഇതു വിപുലീകരിച്ചു ഭാവിയിൽ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റും. പങ്കെടുക്കുന്നവരിൽ പലരും പാർട്ടി അംഗങ്ങളാണ്. സിപിഎം ജില്ലാ കമ്മിറ്റിയിലുള്ള 5 പേർ വരും ദിവസങ്ങളിൽ വിമത വിഭാഗത്തിനൊപ്പം ചേരുമെന്ന് കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്ന കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമതരുടെ നേതാവും കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് അംഗവും കൂടിയായ സതീഷ് അവകാശപ്പെട്ടു.
അതുപോലെ പി.കെ. ശശിക്കെതിരെ ഉയർന്ന പരാതികൾ വ്യാജമാണെന്നും സതീഷ് പറഞ്ഞു. രണ്ടു വർഷത്തോളമായി സിപിഎമ്മുമായി അകന്നുകഴിയുന്ന പി.കെ. ശശി കഴിഞ്ഞ മാസം കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. സിപിഎം നേതാക്കളും മന്ത്രിമാരും ഉൾപ്പെടെ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. ശശിയുടെ രാജി പാർട്ടി പ്രതീക്ഷിച്ചിരുന്നതായാണു നേതാക്കൾ പറയുന്നത്. വിമതരുടെ നീക്കം തടയാൻ കുറച്ചു ദിവസമായി ലോക്കൽ കമ്മിറ്റി മുതൽ സജീവമായ ഇടപെടൽ നടത്തുന്നുണ്ടെന്നും സതീഷ് അവകാശപ്പെട്ടു.

















































