തിരുവനന്തപുരം: 2013 ലാണ് കേരളം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ സോളാര്‍ കേസുമായി ബന്ധപ്പെട്ട് നടി ശാലു മേനോന്‍ അറസ്റ്റിലാകുന്നത്. 49 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ശാലു മേനോന്‍ പുറത്തിറങ്ങുന്നത്. ആ സമയത്ത് താന്‍ നേരിട്ടതിനെക്കുറിച്ചും തുടര്‍ന്നുള്ള ജീവിതത്തെക്കുറിച്ചുമാണ് ശാലു മേനോന്‍ സംസാരിക്കുന്നത്. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം ആളുകള്‍ തന്നോട് മോശമായി കമന്റ് ചെയ്യുകയോ ചോദ്യങ്ങള്‍ ചോദിക്കുമോ എന്നെല്ലാം ഭയന്നിരുന്നുവെന്നാണ് ശാലു പറയുന്നത്. എന്നാല്‍ അങ്ങനൊന്നും സംഭവിച്ചില്ലെന്നും അവര്‍ പറയുന്നു.
”എന്തെങ്കിലും ചോദിക്കുമോ, ആളുകള്‍ കമന്റ് ചെയ്യുമോ എന്നൊക്കെ ജയിലായിരുന്നപ്പോള്‍ പേടിച്ചിരുന്നു. ദൈവത്തിന്റെ ശക്തിയെന്ന് പറയാം, തിരിച്ചുവന്നപ്പോള്‍ ഇതൊക്കെ ഉള്ളിലുണ്ടെങ്കിലും ക്ലാസെടുത്തു. കുട്ടികളോട് സംസാരിച്ചു. പുറത്തിറങ്ങിയിട്ട് എനിക്ക് മോശം കമന്റുകള്‍ വന്നില്ല. അതിന് ശേഷം പരിപാടികള്‍ ചെയ്തു. മോശം കമന്റുകളുണ്ടായിട്ടില്ല. ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണത്” എന്നാണ് ശാലു മേനോന്‍ പറയുന്നത്. ”ജയിലില്‍ ചെന്ന് ആദ്യത്തെ രണ്ട് ദിവസം ബുദ്ധിമുട്ടായിരുന്നു. അവിടെ നിന്നും മോശം അനുഭവങ്ങളുണ്ടായിട്ടില്ല. ജയിലില്‍ എന്നും പ്രാര്‍ത്ഥനയുണ്ടാകും. പള്ളിയില്‍ നിന്ന് ക്രിസ്ത്യന്‍സ് വരും. അതിന് ഞാന്‍ കയറും. വളരെ പോസിറ്റീവായിരുന്നു അവിടെ.
വീട്ടിലേക്ക് തിരിച്ച് വന്നപ്പോള്‍ എന്നോട് എല്ലാവരും ചോദിച്ചത് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറുമോ എന്നാണ്. കാരണം പ്രാര്‍ത്ഥനകള്‍ പഠിച്ചു. ജയിലില്‍ നിന്നും ലഭിച്ച ബൈബിള്‍ ഞാന്‍ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്.’ എന്നാണ് ശാലു മേനോന്‍ ജയില്‍ വാസത്തെക്കുറിച്ച് പറയുന്നത്.














































