ഇസ്ലാമാബാദ്: പാകിസ്താൻ അഫ്ഗാനിസ്ഥാൻ സംഘർഷവും ശമനമില്ലാതെ തുടരുന്നു. പകിസ്താന്റെ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി താലിബാൻ സേന അതിർത്തിയിലെ പാക് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തി. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡാക്ക് ഷോറാബാക്ക് ജില്ലകളിൽ പാക്- അഫ്ഗാൻ അതിർത്തിയിലെ നിരവധി പാകിസ്താൻ സൈനിക പോസ്റ്റുകൾ അഫ്ഗാൻ സൈന്യം പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
സ്പിൻ ബോൾഡാക്കിൽ മൂന്ന് പോസ്റ്റുകൾ പിടിച്ചെടുത്തതായും മൂന്ന് പാകിസ്താൻ സൈനികരെ വധിക്കുകയും ഒരാളെ തടവുകാരനായി പിടിക്കുകയും ചെയ്തതായി അഫ്ഗാൻ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. അഞ്ചുദിവസമായി തുടരുന്ന സംഘർഷത്തിൽ ഇതുവരെ നൂറിലധികം പാകിസ്താൻ സൈനികരെ വധിക്കുകയും 25-ലധികം സൈനിക പോസ്റ്റുകൾ നശിപ്പിക്കുകയും ചെയ്തു എന്നാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ഇനായത്തുള്ള ഖ്വറാസ്മി അവകാശപ്പെടുന്നത്.
പക്തിക പ്രവിശ്യയിൽ പാകിസ്ഥാന്റെ ഒരു യുദ്ധ ടാങ്ക് നശിപ്പിച്ചെന്നും അഫ്ഗാനിസ്ഥാൻ പറഞ്ഞു. എന്നാൽ ഈ അവകാശവാദങ്ങൾ പാകിസ്താൻ തള്ളിക്കളഞ്ഞു. 435 അഫ്ഗാൻ സൈനികരെ വധിക്കുകയും അഫ്ഗാനിസ്ഥാന്റെ 188 സൈനിക പോസ്റ്റുകൾ തകർക്കുകയും ചെയ്തുവെന്ന് പാക് വാർത്താവിനിമയ മന്ത്രി അഠാവുള്ള തരാർ അവകാശപ്പെട്ടു. കൂടാതെ അഫ്ഗാനിസ്ഥാന്റെ 188 ടാങ്കുകളും പീരങ്കികളും പാകിസ്താൻ വ്യോമസേന തകർത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. കാബൂളിന് സമീപമുള്ള ബഗ്രാം വ്യോമതാവളം ലക്ഷ്യമിട്ട് പാകിസ്താന്റെ യുദ്ധവിമാനങ്ങൾ എത്തിയെങ്കിലും അഫ്ഗാന്റെ വ്യോമ പ്രതിരോധ സംവിധാനം അവയെ തുരത്തിയതായി അഫ്ഗാൻ പോലീസ് അറിയിച്ചു.














































