ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ പാർട്ടിക്കുള്ളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നേതൃത്വം. ജില്ലാതല ഭാരവാഹികളും ഐടി വിംഗ് അംഗങ്ങളും സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാനാണ് നേതൃത്വത്തിന്റെ ഉത്തരവ്. ഈ വിഷയത്തിൽ യാതൊരുവിധ പ്രതികരണങ്ങളും ചർച്ചകളും പാടില്ലെന്ന് പാർട്ടി കർശനമായി നിർദ്ദേശിച്ചു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പാർട്ടി അധ്യക്ഷന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഇക്കാര്യം രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുമോ എന്ന ആശങ്കയാണ് ടിവികെയ്ക്കുണ്ട്.
വിജയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനോ, അദ്ദേഹത്തെ പ്രതിരോധിച്ചുകൊണ്ട് പോസ്റ്റുകൾ ഇടാനോ അണികൾക്ക് അനുവാദമില്ല. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഈ നീക്കം.ശനിയാഴ്ചയോടെയാണ് സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഭാരവാഹികൾക്ക് നിർദ്ദേശം ലഭിച്ചത്. ടെലിവിഷൻ ചർച്ചകളിലോ ലൈവ് ഇന്റർവ്യൂകളിലോ യൂട്യൂബ് ചർച്ചകളിലോ പാർട്ടിയുടെ മുൻകൂർ അനുമതിയില്ലാതെ പങ്കെടുക്കരുതെന്ന് ജനറൽ സെക്രട്ടറി എൻ. ആനന്ദ് സർക്കുലർ ഇറക്കി.എന്നാൽ പൊതുയിടങ്ങളിൽ പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ കഴിയാത്തതിൽ പ്രവർത്തകരിൽ ചിലർക്ക് അതൃപ്തിയുണ്ട്.
ചെങ്കൽപെട്ട് കുടുംബ കോടതിയിൽ സംഗീത സമർപ്പിച്ച ഹർജിയിൽ വിജയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉള്ളത്. 2021 മുതൽ വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും അത് അവസാനിപ്പിക്കാൻ തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു. വർഷങ്ങളായി കടുത്ത മാനസിക സംഘർഷവും അവഗണനയുമാണ് താൻ അനുഭവിക്കുന്നതെന്ന് സംഗീത ആരോപിക്കുന്നു. 1998-ൽ വിവാഹിതരായ ഇരുവരും നിലവിൽ ഒരേ വീട്ടിൽ തന്നെയാണെങ്കിലും അകന്ന് കഴിയുകയായിരുന്നു. ഏപ്രിൽ 20-ന് വിജയ് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.













































