ഇസ്‌ലാമാബാദ്: ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിനു പിന്നാലെ ഞായറാഴ്ച പാക്കിസ്ഥാനിലുടനീളം ഉണ്ടായ വൻ പ്രതിഷേധങ്ങളിൽ 23 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കറാച്ചിയിൽ 10 പേരും, സ്കർദുവിൽ 11 പേരും, തലസ്ഥാനമായ ഇസ്‌ലാമാബാദിൽ രണ്ടുപേരും കൊല്ലപ്പെട്ടു. കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിനു നേരെ നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിലാണ് 10 പേർ കൊല്ലപ്പെട്ടത്.
പ്രതിഷേധക്കാർ കോൺസുലേറ്റിന്റെ മതിൽ തകർക്കുകയും അകത്ത് കടക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഘർഷം രൂക്ഷമായത്. വടക്കൻ മേഖലയായ സ്കർദുവിൽ പ്രതിഷേധക്കാർ ഐക്യരാഷ്ട്രസംഘടനയുടെ ഓഫിസിനു തീയിട്ടു നശിപ്പിച്ചു. ഇവിടെ നടന്ന ഏറ്റുമുട്ടലുകളിൽ 11 പേരോളം കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ ഇവിടെ മൂന്ന് ദിവസത്തെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇസ്‌ലാമാബാദിലെ അതീവ സുരക്ഷാ മേഖലയായ ‘റെഡ് സോണിൽ’ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി.
അമേരിക്കയെ പിന്തുണയ്ക്കുന്നവർ രാജ്യദ്രോഹികളാണ് എന്നും ഇസ്രയേലിനോട് പ്രതികാരം ചെയ്യണമെന്നും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. പാർലമെന്റും വിദേശ എംബസികളും സ്ഥിതി ചെയ്യുന്നത് റെഡ് സോണിലാണ്. ഇവിടെയുണ്ടായ സംഘർഷങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സെക്ഷൻ 144 പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇവിടെ പൊതുയോഗങ്ങൾ നിരോധിച്ചിട്ടുണ്ട്. മേഖലയിലെ സംഘർഷം കാരണം വിവിധ രാജ്യങ്ങളിലേക്കുള്ള 184 ഓളം രാജ്യാന്തര വിമാന സർവീസുകൾ പാക്കിസ്ഥാൻ റദ്ദാക്കി.
















































