അഹമ്മദാബാദ്: ഭൂമി തർക്കത്തെത്തുടർന്ന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കുഴിച്ചുമൂടി. താജ് മുഹമ്മദ് ഭായ് ഭട്ടി എന്നയാളാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 19 മുതൽ ഇയാളെ കാണാതായതായിരുന്നു. ഗുജറാത്തിലെ വ്യവസായ കേന്ദ്രമായ മോർബിയിലാണ് സംഭവം.
സംഭവത്തിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാമെന്നും പണം നൽകാമെന്നും വിശ്വസിപ്പിച്ച് താജ് മുഹമ്മദിനെ ഭദിയാഡിന് സമീപമുള്ള വിജനമായ ഒരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഫാം ഹൗസിൽ വച്ച് പ്ലാസ്റ്റിക് പൈപ്പുകളും മരത്തടികളും ഉപയോഗിച്ച് ഇയാളെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി.
തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിച്ച ശേഷം അവിടെത്തന്നെ കുഴിച്ചുമൂടുകയും ചെയ്തു.ഫെബ്രുവരി 26-ന് ഇയാളുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.















































