ടെൽഅവീവ്: ഇറാനിലേക്ക് ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ്. പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടന ശബ്ദം കേട്ടുവെന്നും വലിയതോതിൽ പുക ഉയർന്നുവെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു.
യുഎസുമായി ചേർന്നുള്ള ആക്രമണമാണ് നടന്നത്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഓഫിസ് സമുച്ചയത്തിന് സമീപമാണ് ആക്രമണം ഉണ്ടായത്. ഖമനയി സുരക്ഷിത താവളത്തിലേക്കു മാറി. നിലവിൽ ടെഹ്റാനിൽ ഇല്ലെന്നാണ് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതേസമയം തന്നെ ഇസ്രയേലിൽ പലയിടത്തും സൈറൺ മുഴങ്ങിയെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി ചെയ്തതാണിതെന്ന് ഇസ്രയേൽ സൈന്യത്തിന്റെ അറിയിപ്പും പുറത്തുവന്നിട്ടുണ്ട്.















































