കൊച്ചി: ഹണിട്രാപ്പ് നടത്തി ഭിന്നശേഷിക്കാരനെ മർദിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ മുമ്പും നിരവധി പേരെ ചൂഷണം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ സൂചന. നോർത്ത് പറവൂർ കുത്തിയതോട് ചാലക്കക്കടവിൽ വീട്ടിൽ സഫീന (27), ഇരുമ്പനം മനയിൽ അമൽ (32), വൈറ്റില ഷൈൻറോഡിൽ കോയിത്താരവീട്ടിൽ ജോൺ രാഹുൽ (23), മരട് കുറുവാനിപ്പാടം ആനന്ദ് മുരുകൻ (29) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെ സഫ്നയെ പരിചയപ്പെട്ട കൊല്ലം നല്ലില സ്വദേശിയായ യുവാവാണ് അക്രമിക്കപ്പെട്ടത്.
സംഭവദിവസം വൈകിട്ട് യുവതി പനമ്പിള്ളി നഗർ സൗത്ത് പാലത്തിനടുത്തുള്ള ലോഡ്ജിലേക്ക് യുവാവിനെ ക്ഷണിച്ചു. വൈകീട്ട് ആറരയോടെ യുവാവ് ഹോട്ടലിലെത്തി. ഈ സമയം ശുചിമുറിയിൽ ഒളിച്ചിരുന്ന രണ്ടു പേരും പുറത്തു നിന്നെത്തിയ രണ്ടു പേരും കൂടി മാരകായുധങ്ങളുമായി യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഘം നേരത്തെയും സ്ത്രീകളെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാൻ കടവന്ത്ര പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
പ്രതികളിൽ അമൽ, ജോൺ രാഹുൽ, ജോൺ രാഹുൽ എന്നിവർ ലഹരിക്കടത്തിലും മർദനക്കേസുകളിലും പ്രതികളാണ്. ഇവരുടെ പേരിലുള്ള കേസുകളുടെ വിവരങ്ങൾ പൊലീസ് സംഘം ശേഖരിക്കുന്നുണ്ട്. സ്ഥിരം കുറ്റവാളികളാണെങ്കിൽ കാപ്പ ചുമത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിഗണിക്കും.
















































