ഭുവനേശ്വർ: ഒഡീഷയിൽ അറസ്റ്റിലായ ഡപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തി വർഷങ്ങളായി കൈക്കൂലി വാങ്ങി സമ്പാദിച്ച കോടികൾ ആരും സംശയിക്കാതിരിക്കാൻ എവിടെയും നിക്ഷേപിക്കാതെ സൂക്ഷിച്ചത് വീട്ടിലെ അലമാരയിലും ട്രോളി ബാഗിലും. തന്റെ വീടും ചുറ്റുപാടും പദവിയും ഓഫിസിലുള്ളവരും അയൽക്കാരും അറിയാതിരിക്കാൻ ഏറെ ശ്രദ്ധാലുവായിരുന്നു മൊഹന്തി. ഇതിനായി സ്വന്തമായി ഔദ്യോഗിക വാഹനം ഉണ്ടായിട്ടും ഇയാൾ കിലോമീറ്റർ അകലെ ഇറങ്ങിയ ശേഷം വീട്ടിലേക്ക് നടന്നാണ് എത്തിയിരുന്നത്. കൂടാതെ ആരും സംശയിക്കാതിരിക്കാൻ ലളിത ജീവിതവും. ഇയാളുടെ പക്കൽ നിന്ന് 4.27 കോടി രൂപയാണ് കണ്ടെത്തിയത്.
മാത്രമല്ല സർവീസിൽ ഇരിക്കുമ്പോൾ പണം എവിടെയെങ്കിലും നിക്ഷേപിച്ചാൽ രേഖകൾ കാണിക്കേണ്ട ആവശ്യമുള്ളതിനാൽ ദേബബ്രത മൊഹന്തി പണം വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. ജോലിയിൽ നിന്നും വിരമിച്ച ശേഷം പണം എവിടെയെങ്കിലും നിക്ഷേപിക്കാം എന്നാണ് ഇയാൾ കണക്കുകൂട്ടിയത്. കൽക്കരി ഡിപ്പോയിലേക്കുള്ള ചരക്കുകടത്തിനു മൊഹന്തി കൈക്കൂലി വാങ്ങിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അനുമതി നൽകാൻ 30,000 രൂപയാണ് മൊഹന്തി ആവശ്യപ്പെട്ടത്. വിവരം അറിഞ്ഞെത്തിയ വിജിലൻസ് ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു. തുടർന്നാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. മൊഹന്തിയുടെ ഫ്ലാറ്റിൽനിന്നും ഒഡീഷ വിജിലൻസ് 4.27 കോടിയുടെ കണക്കിൽപ്പെടാത്ത പണമാണ് കണ്ടെത്തിയത്. വിജിലൻസിന്റെ റെക്കോർഡ് കൈക്കൂലി വേട്ടയാണിത്. വിവരമറിഞ്ഞു ഇ.ഡിയും സംഭവത്തിൽ അന്വേഷണത്തിനു ഇറങ്ങിയിട്ടുണ്ട്. സംസ്ഥാന വിജിലൻസിന് വിവരങ്ങൾ കൈമാറാൻ വെള്ളിയാഴ്ച കത്തുനൽകി.
















































