തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോർത്തിയെന്ന ആരോപണം കൂടുതൽ ശക്തമാക്കി കോൺഗ്രസ്. ഇത് അതീവ ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. ഒരു കോടിയിലേറെ പേരുടെ വിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന ചോർത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേര് വിവരങ്ങൾ നൽകിയവരുടെയടക്കം ഡാറ്റകളാണ് അവരുടെ സമ്മതമില്ലാതെ സ്വകാര്യ കമ്പനിക്ക് ചോർത്തി നൽകിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേര് ചേർത്തവരെ കൂടാതെ, എട്ട് ലക്ഷത്തോളം സംസ്ഥാന സർക്കാർ ജീവനക്കാർ, 72 ലക്ഷം ക്ഷേമ പെൻഷൻകാർ, മൂന്ന് ലക്ഷം ചെറുകിട സംരംഭകർ എന്നിവരുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള, ഗവൺമെന്റ് വെരിഫൈഡായ വ്യക്തിഗത വിവരങ്ങൾ മുൻകരുതലുകൾ സ്വീകരിക്കാതെ സ്വകാര്യ കമ്പനികൾക്ക് നൽകുമ്പോൾ അത് മറ്റിടങ്ങളിലേയ്ക്ക് ചോരാനും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അതത് വകുപ്പുകളോട് ആളുകളുടെ പേര് വിവരങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് അയച്ച രണ്ട് കത്തുകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് എഴുതിയ കത്താണ് പുറത്തുവിട്ടിരിക്കുന്നത്.
സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേര് നൽകിയവരുടെ വിവരങ്ങൾ ചോർത്തിയതിലൂടെ ലക്ഷണക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് ചോർന്നതെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. 35ന് മുകളിൽ പ്രായമുള്ള സ്ത്രീകളുടെ പേര് വിവരങ്ങളാണ് ചോർത്തിയെടുത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറയുന്നു. യാതൊരു മുൻകരുതലുകളും സ്വീകരിക്കാതെയാണ് സ്വകാര്യ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയിരിക്കുന്നതെന്നും ഇത് ഗുരുതരമായ സാമൂഹിക പ്രശ്‌നമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡാറ്റ കൈമാറാൻ നേതൃത്വം നൽകിയ പിണറായി വിജയൻ ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം വിമർശനമുയർത്തി. ഡാറ്റാ ചോർച്ച സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.















































