നോയിഡ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന പിതാവിനെ കണ്ടിട്ട് കഴിഞ്ഞ ദിവസമാണ് റിങ്കു ഇന്ത്യൻ ക്യാമ്പിലേക്ക് തിരിച്ചെത്തിയത്. നോയിഡയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ലോകകപ്പ് ടീമില്‍ അംഗമായ റിങ്കു ചെന്നൈയില്‍ നിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ചു.
ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരന്‍ ആയിരുന്ന ഖന്‍ചന്ദ് സിംഗ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ഗ്യാസ് ഡിപ്പോയോട് ചേര്‍ന്നുള്ള രണ്ട് മുറി വീട്ടിലാണ് താമസിച്ചിരുന്നത്. റിങ്കു ഇന്ത്യന്‍ ടീമില്‍ എത്തിയ ശേഷവും ഖന്‍ചന്ദ് ഗ്യാസ് സിലിണ്ടറുകളുമായി വാഹനത്തില്‍ പോകുന്ന ദൃശ്യങ്ങള്‍ വൈറല്‍ ആയിരുന്നു.
റിങ്കുവിന് സമ്മാനമായി കിട്ടിയ ബൈക്കില്‍ ആയിരുന്നു പലപ്പോഴും ഖന്‍ചന്ദിന്റെ ഗ്യാസ് സിലിണ്ടര്‍ വിതരണം. ലോകകപ്പിലെ സൂപ്പര്‍ 8ല്‍ സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ മത്സരത്തിന് മുന്നോടിയായി പിതാവിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അച്ഛനെ നാട്ടില്‍ വന്ന് സന്ദര്‍ശിച്ചിരുന്നു റിങ്കു. അതേസമയം ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തിയതിനാല്‍ സിംബാബ്വെയ്ക്കെതിരായ മത്സരത്തില്‍ റിങ്കു ഇന്ത്യന്‍ പ്ലെയിംഗ് ഇലവന്റെ ഭാഗമായിരുന്നില്ല.
പ്ലെയിംഗ് ഇലവനില്‍ ഇല്ലായിരുന്നെങ്കിലും, റിങ്കു ടീമിനൊപ്പം തുടരുകയും സിംബാബ്വെ മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി ഇറങ്ങുകയും ചെയ്തിരുന്നു. ഇതുവരെ ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച റിങ്കു, ഫിനിഷറുടെ റോളില്‍ 24 റണ്‍സ് നേടിയിട്ടുണ്ട്. അതേസമയം കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായക മത്സരത്തിന് ഇന്ത്യ തയ്യാറെടുക്കുമ്പോള്‍, റിങ്കു ടൂര്‍ണമെന്റിന്റെ ബാക്കി മത്സരങ്ങളില്‍ കളിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
















































