ലഹോർ: ട്വന്റി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ ഇംഗ്ലണ്ടിനോട് രണ്ടുവിക്കറ്റിനു പാക്കിസ്ഥാൻ തോറ്റതിനു പിന്നാലെ തനിക്കും മകനും നേരെയുണ്ടായ സൈബറാക്രമണത്തിൽ പ്രതികരിച്ച് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയുടെ ഭാര്യ സബ മൻസർ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് സബ, ആരാധകർക്കെതിരെ രൂക്ഷ പ്രതികരണം നടത്തിയത്.
‘‘എന്നെയും നിഷ്കളങ്കനായ എന്റെ മകനെയും അധിക്ഷേപിക്കുന്നത് നിങ്ങൾക്ക് ലോകകപ്പ് നേടിത്തരില്ല, പാകിസ്ഥാൻ ആരാധകരെ.’’– സബ മൻസർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. തൊട്ടുപിന്നാലെ ഇതു ഡിലീറ്റ് ചെയ്ത സബ, അക്കൗണ്ട് പ്രൈവറ്റ് ആക്കുകയും ചെയ്തു.
അതേസമയം ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിൽ തോറ്റതോടെ പാക്കിസ്ഥാന്റെ സെമി ഫൈനൽ സാധ്യതകൾ മങ്ങിയിരുന്നു. ഇതോടെയാണ് ക്യാപ്റ്റന്റെ കുടുംബത്തിനു നേരെ സൈബറാക്രമണം ഉണ്ടായത്. മത്സരത്തിൽ പാക്കിസ്ഥാനെ രണ്ടു വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട്, ട്വന്റി20 സെമിഫൈനൽ ഉറപ്പിക്കുന്ന ആദ്യ ടീമായി മാറിയത്. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നുമായി ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (51 പന്തിൽ 100) മുന്നിൽ നിന്നു നയിച്ചതോടെയാണ് പാക്കിസ്ഥാനെ ഇംഗ്ലണ്ട് വീഴ്ത്തിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ, ഓപ്പണർ സാഹിബ്സാദാ ഫർഹാന്റെ (45 പന്തിൽ 63) അർധ സെഞ്ചറി കരുത്തിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ, ബ്രൂക്കിന്റെ കരുത്തിൽ തിരിച്ചടിച്ച ഇംഗ്ലണ്ട്, 5 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. സ്കോർ: പാക്കിസ്ഥാൻ 20 ഓവറിൽ 9ന് 164. ഇംഗ്ലണ്ട് 19.1 ഓവറിൽ 8ന് 166.
165 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ ഓപ്പണർ ഫിൽ സോൾട്ടിനെ (0) നഷ്ടമായി. ഷഹീൻ അഫ്രീദിക്കായിരുന്നു വിക്കറ്റ്. തന്റെ അടുത്ത 2 ഓവറുകളിൽ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയ ഷഹീൻ, ഇംഗ്ലണ്ടിനെ 3ന് 35 എന്ന നിലയിലെത്തിച്ചു. അതോടെ പാക്കിസ്ഥാൻ അനായാസ ജയം നേടുമെന്നു തോന്നിച്ചെങ്കിലും ബ്രൂക്കിന്റെ പ്രത്യാക്രമണം അവരുടെ താളം തെറ്റിച്ചു. ക്യാപ്റ്റന്റെ സെഞ്ചുറിയിൽ ഇംഗ്ലണ്ട് ആദ്യ സെമി ഫൈനലിസ്റ്റുകളായി.

















































