മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് തുടരെത്തുടരെ ഡ്രോൺ ആക്രമണം. ഇതേതുടർന്ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ എല്ലാ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അനിശ്ചിതകാലത്തേക്ക് അടച്ചതായി റഷ്യ അറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ 11 യുക്രെയ്ൻ ഡ്രോണുകൾ വ്യോമ പ്രതിരോധ സേന വെടിവെച്ചു വീഴ്ത്തിയതിനെ തുടർന്നാണ് നടപടി.
റഷ്യയുടെ സിവിൽ ഏവിയേഷൻ ഏജൻസിയായ റോസാവിയറ്റ്സിയുടെ പ്രസ്താവനയിൽ, മോസ്കോയിലെ ഡൊമോഡെഡോവോ, വ്നുക്കോവോ, സുക്കോവ്സ്കി ഷെറെമെറ്റീവോ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി അറിയിച്ചു.
അതേസമയം നഗരത്തിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതിനാലാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചത്. മോസ്കോയെ ലക്ഷ്യമിട്ടെത്തിയ പതിനൊന്നോളം ഡ്രോണുകൾ വെടിവച്ചിട്ടതായി മോസ്കോ മേയർ വെളിപ്പെടുത്തി. ഡ്രോൺ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. കഴിഞ്ഞ ദിവസം റഷ്യയുടെ മിസൈൽ നിർമാണ കേന്ദ്രത്തിനു നേരെയും യുക്രെയ്ൻ ആക്രമണം നടത്തിയിരുന്നു. യുക്രെയ്നിൽനിന്നും 1,400 കിലോമീറ്റർ അകലെയുള്ള കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. സ്വന്തമായി നിർമിച്ച ക്രൂസ് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണു യുക്രെയ്ൻ അവകാശപ്പെട്ടത്.
റഷ്യ– യുക്രെയ്ൻ യുദ്ധം നാല് വർഷം പിന്നിടുമ്പോൾ, മോസ്കോ ഉൾപ്പെടെ രാജ്യത്തെ വിവിധ മേഖലകളിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം പതിവായിരിക്കുകയാണെന്ന് റഷ്യ ആരോപിക്കുന്നു. അതേസമയം, റഷ്യയും യുക്രെയ്ൻ നഗരങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് വ്യാപകമായ ആക്രമണങ്ങൾ തുടരുകയാണ്.












































