ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയിക്കും നടി തൃഷയ്ക്കും നേരേ അധിക്ഷേപ പരാമർശവുമായി തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ.യും ടി.വി.കെ.യും തമ്മിലാണെന്ന് സേലം റാലിയിൽ വിജയി നടത്തിയ പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഇതാണ് നൈനാർ നാഗേന്ദ്രനെ പ്രകോപിപ്പിച്ചത്.
‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് വീട്ടിൽനിന്ന് പുറത്തിറങ്ങണം. മുതിർന്നവർ പറയുന്നത് കേൾക്കണം. നിർഭാഗ്യമെന്നു പറയട്ടെ, വിജയ്ക്ക് ഒന്നും അറിയില്ല. തൃഷയെ വിട്ട് പുറത്തിറങ്ങിയാൽമാത്രമേ എല്ലാം നടക്കൂ. നല്ലനേതാക്കൾ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ലരീതിയിൽ സംസാരിക്കണം. മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻ കഴിയാത്ത ഒരാൾക്ക് ആകാശത്തെ വൈകുണ്ഠത്തിൽ പോകാൻകഴിയുമോ’ -നൈനാർ നാഗേന്ദ്രന്റെ പ്രസംഗത്തിലെ ഭാഗങ്ങളാണിത്. നടനായതുകൊണ്ടുമാത്രം വോട്ട് ബാങ്കിൻ്റെ 32 ശതമാനം ലഭിക്കുമെന്ന് പറയുന്ന ഒരാളെ എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
















































