തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പിടി കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമ കേസിൽ ശക്തമായ തുറന്നുപറച്ചിലുമായി പരാതിക്കാരി ഡോ. ആശ ആച്ചി ജോസഫ്. ലൈംഗികാരോപണവുമായി രംഗത്തെത്തിയാൽ സ്ത്രീകളുടെ പേര് പിന്നെ ഇര, അതിജീവിത, യുവതി എന്നൊക്കെ മാത്രമാണ്, ഈ പേരുകളൊക്കെ വിളിച്ച് തന്നെ നിശബ്ദയാക്കാൻ ശ്രമിക്കേണ്ടെന്നും ആശ ആച്ചിയുടെ തുറന്നുപറച്ചിൽ.
അണിയറയിൽ നിൽക്കാതെ പിടി കുഞ്ഞുമുഹമ്മദാണ് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പുറംലോകത്തോട് വിളിച്ചുപറയുകയാണ് ഡോ. ആശ ആച്ചി. തന്റെ ഐഡന്റിറ്റിയും ലൈംഗികാതിക്രമം നടത്തിയ ആളുടെ വിവരങ്ങളുമടക്കം പുറത്തുവിട്ടാണ് ആശ ആച്ചി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വിവരിക്കുന്നത്.
തനിക്കു നേരെയുണ്ടായ അതിക്രമം തെറ്റിദ്ധാരണയുടെ ഭാഗമല്ലെന്നും അധികാരവും അതിന്റെ നേട്ടങ്ങളും എന്താണെന്ന് അറിയാവുന്ന ഒരാൾ ബോധപൂർവം ചെയ്ത പ്രവർത്തിയാണെന്നും ആശ ചൂണ്ടിക്കാണിച്ചു. സംരക്ഷണത്തിന്റെയോ സുരക്ഷയുടെയോ പേരിൽ സ്ത്രീ നിശബ്ദയാകാൻ പാടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതിനാലാണ് ഈ തുറന്നെഴുത്തെന്നും ആശ വിശദീകരിക്കുന്നു.
ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കെന്ന പേരിൽ തലസ്ഥാനത്തെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ചലച്ചിത്ര പ്രവർത്തകയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നായിരുന്നു പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി. സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പരാതിക്കാരി പരാതിയിൽ പറയുന്ന സമയത്ത് ഇരുവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ആശയുടെ രഹസ്യമൊഴി നേരത്തെ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു.
അതേസമയം കേസിൽ ഡിസംബർ 24ന് കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായ കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു ഇത്. മുൻകൂർ ജാമ്യാപേക്ഷ നൽകിയാണ് കുഞ്ഞുമുഹമ്മദ് തനിക്കെതിരായ അനുകൂല വിധി കോടതിയിൽനിന്നും നേടിയത്. ഇതിനിടെ കുഞ്ഞുമുഹമ്മദിന്റെ അറസ്റ്റ് വൈകിയതിൽ കടുത്ത വിമർശനവും ഡബ്ല്യുസിസി ഉന്നയിച്ചിരുന്നു.














































