സോൾ: ഉത്തര കൊറിയൻ ഭരണാധിക്കാരി കിം ജോങ് ഉൻ തന്റെ പിൻഗാമിയായി മകൾ കിം ജൂ ആയ്‌യെ പ്രഖ്യാപിച്ചെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയയുടെ ദേശീയ രഹസ്യാന്വേഷണ സംഘടനയായ നാഷണൽ ഇൻ്റലിജൻസ് സർവീസാണ് ഇത് പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഔദ്യോഗിക പരിപാടികളിൽ പിതാവിനൊപ്പം നിറ സാന്നിധ്യമായി മകൾ കിം ജൂ ആയും ഒപ്പമുണ്ട്. പിൻഗാമിയാകുന്നതിന് മുന്നോടിയായുള്ള പരിശീലനഘട്ടത്തിലാണ് കിം ജൂ ആയ് എന്നാണ് റിപ്പോർട്ട്.
കൊറിയൻ പീപ്പിൾസ് ആർമിയുടെ വാർഷികാഘോഷം, കുംസുസാൻ പാലസ് സന്ദർശനം തുടങ്ങിയ പ്രധാന വേദികകളിൽ കിം ജോങ് ഉന്നിനൊപ്പം മകൾ കിം ജൂ ആയ്‌യും പങ്കെടുത്തിരുന്നു. 2022 നവംബറിലാണ് കിം ജോ ആയ് ആദ്യമായി പൊതുവേദിയിൽ എത്തിയത്. രാജ്യത്തിന്റെ ദീർഘദൂര മിസൈൽ പരീക്ഷണ വേദിയിലായിരുന്നു കിം ജോ ആയ് പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം ആയുധ വിക്ഷേപണങ്ങൾ, സൈനിക പരേഡുകൾ, ഫാക്ടറി സന്ദർശനങ്ങൾ തുടങ്ങിയ പരിപാടികളിൽ കിം ജോ ആയ് സ്ഥിരസാന്നിധ്യമായി മാറി. കഴിഞ്ഞ സെപ്റ്റംബറിൽ ബീജിങിൽ നടന്ന ചൈനീസ് ഉച്ചകോടിയിലും കിം ജോ ആയ് പങ്കെടുത്തിരുന്നു.
ഉത്തര കൊറിയയിൽ സാധാരണ കുട്ടികൾക്ക് അനുവദനീയമല്ലാത്ത നീളമുള്ള മുടിയും വിലകൂടിയ ഡിസൈനർ വസ്ത്രങ്ങളും ധരിച്ചാണ് കിം ജൂ ആയ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ഔദ്യോഗിക പരിപാടികളിൽ ഭരണകൂടത്തിലെ രണ്ടാമത്തെ ഉയർന്ന നേതാവിന് തുല്യമായ പരിഗണനയും നല്കി വരുന്നു. കടുത്ത പുരുഷാധിപത്യം നിലനിൽക്കുന്ന ഉത്തര കൊറിയൻ സമൂഹത്തിൽ ഒരു പെൺകുട്ടി പിൻഗാമിയാകുന്നത് നിരീക്ഷകർ അത്ഭുതത്തോടെയാണ് കാണുന്നത്. കിം ജോങ് ഉന്നിന് ഒരു മകൻ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, ജൂ ആയ്‌യെ മാത്രമാണ് അദ്ദേഹം ഔദ്യോഗികമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്.
കിം ജോങ് ഉൻ ആരോഗ്യവാനായി തുടരുമ്പോൾ തന്നെ മകളെ പിൻഗാമിയായി തെരഞ്ഞെടുക്കുന്നത് എന്തിനാണെന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ പുറത്ത് വരുമെന്നാണ് പറയപ്പെടുന്നത്.















































