കൊല്ലം: മന്ത്രവാദം ചെയ്ത് ബാധയൊഴിപ്പിക്കാനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ ജ്യോത്സ്യൻ റിമാൻഡിൽ. തേവലപ്പുറം കിഴക്ക് അരീക്കൽ സരസ്വതിമന്ദിരത്തിൽ (ചെറുവള്ളി) വി.എസ്.മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജൻ ബാബു(47)വാണ് റിമാൻഡിലായത്. ചൊവ്വാഴ്ച കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഇയാളെ കൊട്ടാരക്കര സബ്ജയിലേക്ക് അയച്ചു.
പോക്‌സോയ്ക്കു പുറമേ ക്രൂരമായ മർദനം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളാണ് പ്രതിയുടെമേൽ ചുമത്തിയിരിക്കുന്നത്. സംഭവദിവസം മുരാരി പെൺകുട്ടിയെ ക്രൂരമായി മർദിച്ചതായി പോലീസ് റിപ്പോർട്ടിലുണ്ട്. കഴുത്തിലും തലയിലും മുറിവുകളേറ്റിട്ടുണ്ട്. ഭിത്തിയും തറയിലുമെല്ലാം ചോരപ്പാടുകൾ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ തലപിടിച്ച് ഭിത്തിയിൽ ഇടിച്ചതായും പോലീസ് പറയുന്നു. ഫൊറൻസിക് വിദഗ്ധർ മുറിയിൽ പരിശോധന നടത്തി.
വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയസമയം തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും 20 ലക്ഷം രൂപ തന്നോട് ആവശ്യപ്പെട്ടെന്നും അതിന് തെളിവായി വീഡിയോ ഉണ്ടെന്നും രാജൻ ബാബു ആരോപിച്ചിരുന്നു. എന്നാൽ ഇത് പച്ചക്കള്ളമാണെന്നാണ് പോലീസ് പറയുന്നത്. ഇത് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇയാൾ നടത്തുന്ന നാടകമാണിതെന്നും പുത്തൂർ എസ്.എച്ച്.ഒ. സി. ബാബുക്കുറുപ്പ് പറഞ്ഞു.
















































