കണ്ണൂർ: സുരേഷ് ഗോപി എയിംസ് വരും മറ്റേ മോനേ എന്നല്ല ‘പൊന്നു മോനെ’ എന്ന് വിളിച്ചതായാണ് മനസിലാക്കുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. എയിംസ് വരും മറ്റേ മോനേ എന്ന് സുരേഷ് ഗോപി പ്രസംഗിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ. സുരേഷ് ഗോപി പറഞ്ഞത് എന്താണെന്ന് താൻ കേട്ടിട്ടില്ലെന്നും ശോഭ പറഞ്ഞു. എത്രയോ പാവങ്ങളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയക്കാരെപ്പോലെ കൃത്യതയോടെ വാക്കുകൾ പറയാൻ സാധിക്കുന്നുണ്ടോ എന്നു മറ്റുള്ളവരാണു പറയേണ്ടത്. അദ്ദേഹം പ്രവർത്തിക്കുന്നുണ്ടോ എന്നു നോക്കിയാൽ മതി.
‘‘കേന്ദ്രസർക്കാരിന് ബജറ്റിൽ വാരിക്കോരി പറയാമായിരുന്നു. കേരളത്തിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ കുറേ ബിജെപിക്കാർ ജയിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ചിന്ത എങ്കിൽ നടപ്പാക്കാൻ പറ്റാത്ത കാര്യങ്ങളും പറയാൻ സാധിക്കുമായിരുന്നു. ബജറ്റിൽ പറയാത്ത കാര്യങ്ങളാണ് നരേന്ദ്ര മോദി കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇനിയും സമയം വൈകിയിട്ടില്ല. രാഷ്ട്രീയത്തിന് അധീതമായി പരിശ്രമം നടത്തണം. ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് എയിംസ് വരുമെന്നാണു കേന്ദ്രം പറഞ്ഞത്. അതിനുള്ള പരിശോധന നടക്കുന്നുണ്ട്. കേരളം കൊടുത്ത സ്ഥലം മാത്രമല്ല പരിശോധനയിലുള്ളതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
അതുപോലെ എയിംസും അതിവേഗ പാതയും കിട്ടും. ആർആർടിഎസിന് ഉപയുക്തമാകുന്ന ജനസഖ്യ അല്ല കേരളത്തിൽ. അതുകൊണ്ടാണ് ഇ. ശ്രീധരൻ അതിവേഗ പാതയുമായി മുന്നോട്ടു വന്നത്. കേരള സർക്കാർ അഹന്ത കളഞ്ഞ് അതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കു തയാറാകണം. ശ്രീധരനൊപ്പം ചേർന്ന് അതിവേഗ പാത നേടിയെടുക്കാൻ സർക്കാർ ശ്രമിക്കണം. സിപിഎമ്മിനു വേണ്ടാത്തത് കൊണ്ടാണ് പി.പി. ദിവ്യ ബിജെപിലേക്കു പോകുന്നു എന്ന പ്രചാരണം നടക്കുന്നതെന്നും അവർ പറഞ്ഞു. നാവുകൊണ്ട് ഒരു മനുഷ്യനെ അറുത്തു കൊന്ന ആളാണ് അവർ. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നതോടെ സ്വത്വബോധം ഇല്ലാത്ത പാർട്ടിയായി സിപിഎം മാറി’’– ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.














































