ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണത്തിൽ 80 ലേറെ സൈനികരും പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം നടന്നത്. പോരാട്ടത്തിന്റെ രണ്ടാം ഘട്ടമായ ‘ഓപ്പറേഷൻ ഹെറോഫ് 2’ ആരംഭിച്ചു, മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായാണ് പുതിയ ഘട്ടമെന്ന് ബിഎൽഎ നേതാക്കൾ പ്രതികരിച്ചു.
പത്ത് മണിക്കൂറിനുള്ളിൽ നടന്ന ആക്രമണങ്ങളിൽ സുരക്ഷാ, സൈനിക, ഭരണപരമായ സ്ഥാപനങ്ങളെയാണു ലക്ഷ്യമിട്ടെന്ന് ബിഎൽഎ അവകാശപ്പെട്ടു. അതേസമയം ഇത് സംബന്ധിച്ച വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ക്വെറ്റ, നോഷ്‌കി, മാസ്റ്റുങ്, ഡാൽബൻഡിൻ, കലത്, ഖരൻ, പഞ്ച്ഗൂർ, ഗ്വാഡർ, പാസ്‌നി, ടർബത്, ടംപ്, ബൂലേഡ, മാംഗോച്ചാർ, ലസ്‌ബേല, കെച്, അവരൻ എന്നിവിടങ്ങളിൽ ഡസൻ കണക്കിന് സ്ഥലങ്ങളിൽ ബിഎൽഎ നടത്തി. ചില പ്രദേശങ്ങളിൽ സുരക്ഷാ സേനയുടെ സഞ്ചാരം താൽക്കാലികമായി നിയന്ത്രിച്ചു.
അതേസമയം ആക്രമണത്തിൽ സൈനിക, പോലീസ്, രഹസ്യാന്വേഷണ ഏജൻസികൾ, ഭീകരവാദ വിരുദ്ധ യൂണിറ്റുകൾ എന്നിവയിൽപ്പെട്ട 84 പേർ ഓപ്പറേഷനിടെ കൊല്ലപ്പെട്ടു, ഡസൻ കണക്കിന് പേർക്ക് പരുക്കേൽക്കുകയും 18 പേർ പിടിയിലാവുകയും ചെയ്തതായും ബലോച് വക്താവ് ജീയാണ്ട് ബലോച് പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു.ബലോച് ലിബറേഷൻ ആർമി ബലോചിസ്ഥാനിൽ പ്രവർത്തിക്കുന്ന നിരവധി വിഘടനവാദി സംഘടനകളിൽ ഒന്നാണ്. രാഷ്ട്രീയ സ്വയംഭരണം, വിഭവ നിയന്ത്രണം, വികസനം എന്നിവ സംബന്ധിച്ച പരാതികൾ കാരണം പതിറ്റാണ്ടുകളായി കലാപം നടക്കുന്ന ഒരു പ്രവിശ്യയാണിത്. പാക്ക് സുരക്ഷാ സേനകൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഗ്രൂപ്പ് മുമ്പ് ഏറ്റെടുത്തിട്ടുണ്ട്.
















































