ഭോപ്പാൽ: മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ സമൂഹ വിവാഹത്തിന്റെ പേരിൽ വൻ തട്ടിപ്പ്. തിളങ്ങുന്ന ഷേർവാണി അണിഞ്ഞ്, തലപ്പാവുംവച്ച്, മധുരപലഹാരങ്ങൾ നിറഞ്ഞ സ്റ്റീൽ ഡബ്ബകളുമേന്തി വധുവിനായി 42 മണവാളന്മാരാണ് വിവാഹ വേദിയിൽ കാത്തിരുന്നത്. വിവാഹ പ്രതീക്ഷയോടെ വിവിധ ജില്ലകളിൽ നിന്നെത്തിയ വരന്മാരും അവരുടെ കുടുംബങ്ങളും മണിക്കൂറുകളോളം കാത്തിരുന്നിട്ടും വധുക്കൾ ഒരാളും എത്താതിരുന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.
വിവാഹത്തിന് പെൺകുട്ടികളെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെയാണ് പ്രതികൾ ലക്ഷ്യമിട്ടത്. സോഷ്യൽ മീഡിയയിൽ നിന്നെടുത്ത യുവതികളുടെ ചിത്രങ്ങൾ കാണിച്ച് ഇവർ അനാഥാലയത്തിലെ പെൺകുട്ടികളാണെന്നും, സമൂഹ വിവാഹം സംഘടിപ്പിക്കാമെന്നും വിശ്വസിപ്പിച്ചു. ഇതിന്റെ ഭാഗമായി ഓരോ കുടുംബത്തിലും നിന്ന് 12,000 മുതൽ 25,000 രൂപ വരെ ഈടാക്കിയതായി പരാതിയിൽ പറയുന്നു. മൊത്തം തട്ടിപ്പിന്റെ തുക 10 ലക്ഷത്തിലധികമാണെന്നാണ് പ്രാഥമിത കണക്കുകൂട്ടൽ.
മെയ് 25-ന് ദേവാസിൽ വിവാഹം നടക്കുമെന്നായിരുന്നു വാഗ്ദാനം. അതിന് മുമ്പ് മെയ് 24-ന് മാതാ ടെക്രി സന്ദർശനവും തുടർന്ന് രാധാഗഞ്ചിലെ ക്ലബ് ഗ്രൗണ്ടിൽ താമസ സൗകര്യവും ഒരുക്കുമെന്നുമാണ് പ്രതികൾ പറഞ്ഞത്. ഈ വിശ്വാസത്തിലാണ് പലരും രാവിലെ തന്നെ എത്തിയത്. എന്നാൽ സ്ഥലത്തെത്തിയപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട യാതൊരു ഒരുക്കങ്ങളും ഉണ്ടായിരുന്നില്ല.സംഘാടകരായി എത്തിയിരുന്ന മുകേഷ് ബൈരാഗിയും ഭാര്യ സുനിതയും വധുക്കൾ ഇൻഡോറിൽ നിന്ന് വരികയാണെന്ന് പറഞ്ഞ് കുടുംബങ്ങളെ കാത്തിരുത്തി. രാവിലെ മുതൽ രാത്രി വരെ പല പല കാരണങ്ങളും പറഞ്ഞ് സമയം നീട്ടിയെങ്കിലും ഒടുവിൽ രാത്രി 10 മണിയോടെ തട്ടിപ്പാണെന്ന് വ്യക്തമായി. തുടർന്ന് കുടുംബങ്ങൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരിശോധനയിൽ, സോഷ്യൽ മീഡിയയിൽ നിന്നുള്ള ചിത്രങ്ങൾ ഉപയോഗിച്ച് കുടുംബങ്ങളെ വിശ്വസിപ്പിക്കുകയായിരുന്നു പ്രതികളുടെ പ്രധാന രീതി എന്ന് കണ്ടെത്തി. ഇൻഡോറിലെ അനാഥാലയത്തിൽ നിന്നുള്ള പെൺകുട്ടികളുമായി വിവാഹം നടത്തുമെന്ന വ്യാജ വാദം ഉയർത്തി ഇവർ വിശ്വാസം നേടി. പോലീസ് ചോദ്യം ചെയ്യലിൽ, മുകേഷ് ബൈരാഗി തന്റെ സഹോദരനായ ദിനേഷ് ദാസ് ബൈരാഗിയാണ് ഈ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന് വെളിപ്പെടുത്തി. വരൻമാരുടെ കുടുംബങ്ങളുടെ ഫോൺ നമ്പറുകൾ നൽകുകയും, വിവാഹ ഒരുക്കങ്ങൾ നടത്തുമെന്നും ഇയാൾ ഉറപ്പു നൽകിയതായും മുകേഷ് പറഞ്ഞു. എന്നാൽ വിവാഹ ദിവസം ഇയാൾ ഫോൺ ഓഫ് ചെയ്തതായി കണ്ടെത്തി.
മുകേഷിന്റെ മാമനായ നർശിംഗ് ദാസ് ബൈരാഗിയും ഇടനിലക്കാരനായി പ്രവർത്തിച്ചതായും, തട്ടിപ്പിൽ പങ്കുണ്ടെന്നുമാണ് പോലീസിന്റെ സംശയം. കേസിൽ മുകേഷ് ബൈരാഗി, സുനിത ബൈരാഗി, ദിനേഷ് ബൈരാഗി, നർശിംഗ് ദാസ് ബൈരാഗി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ മുകേഷിനെയും സുനിതയെയും അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
പരാതികൾ ലഭിക്കുന്നതനുസരിച്ച് കേസ് വ്യാപിപ്പിക്കുമെന്ന് പോലീസ് പറയുന്നു. വിദിഷ ജില്ലയിലേക്കും പ്രത്യേക അന്വേഷണസംഘത്തെ അയച്ചിട്ടുണ്ട്. തട്ടിപ്പിന് പിന്നിലുള്ള മുഴുവൻ ശൃംഖലയും പുറത്തുകൊണ്ടുവരാൻ ശ്രമം തുടരുകയാണ്. വിവാഹ പ്രതീക്ഷയോടെ എത്തിയ 42 കുടുംബങ്ങൾക്കും, പ്രത്യേകിച്ച് വരന്മാർക്കും, ഈ സംഭവം വലിയ മാനസികവും സാമൂഹികവുമായ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവാഹമണ്ഡപവും വ്യാജമായിരുന്നു, വെറുമൊരു വിവാഹ തട്ടിപ്പിന് അപ്പുറം, വിവാഹിതരാകാൻ പോകുന്നുവെന്ന് വിശ്വസിച്ച് ദേവാസിലെയും അയൽ ജില്ലകളിലെയും ഗ്രാമങ്ങളിൽ നിന്നും ചെറിയ പട്ടണങ്ങളിൽ നിന്നും യാത്ര ചെയ്ത് എത്തിയ നിരവധിയായ പുരുഷന്മാർക്ക് പൊതുമധ്യത്തിലുണ്ടായ വലിയൊരു അപമാനം കൂടിയാണിതെന്നും പോലീസ് പറഞ്ഞു.
















































