തൃശൂർ: മാളയിൽ നീതി മെഡിക്കൽ സ്റ്റോറിൽ ജീവനക്കാരുടെ ഗുരുതര അനാസ്ഥ. 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയെന്ന് പരാതി. മരുന്നു കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള കുട്ടി അമൃത ആശുപത്രിയിൽ ഐസിയുവിലാണ്. ഡോക്ടർ നിർദ്ദേശിച്ച പ്രോബയോട്ടിക്കിന് പകരം കുട്ടിക്ക് നൽകിയത് മുതിർന്നവർക്ക് നൽകേണ്ട നെബുലൈസർ മരുന്നാണെന്നാണ് കാണിച്ച് കുട്ടിയുടെ അച്ഛൻ പോലീസിന് പരാതി നൽകി. പിന്നാലെ പരാതി നൽകാതിരുന്നാൽ എന്തുവേണമെങ്കിലും ചെയ്യാമെന്ന് ബാങ്ക് സെക്രട്ടറി കുട്ടിയുടെ മാതാപിതാക്കളോട് പറയുന്ന ശബ്ദരേഖയും പുറത്തുവന്നു.
മാള ബ്ലോക്ക് ടൗൺ സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലാണ് സംഭവം. മനു-അദ്രിക ദമ്പതികളുടെ മകൾക്കാണ് മരുന്ന് മാറി നൽകിയത്. മരുന്ന് വാങ്ങുന്ന സമയത്ത് സംശയം തോന്നിയ പിതാവ് ജീവനക്കാരിയോട് ചോദിച്ചിരുന്നു. എന്നാൽ മരുന്ന് വായിലൂടെ കഴിക്കാനുള്ളതാണെന്ന് ജീവനക്കാരി ഉറപ്പിച്ച് പറഞ്ഞതായും കുട്ടിയുടെ പിതാവ് പറയുന്നു.
തുടർന്ന് വീട്ടിലെത്തി കുഞ്ഞിന് മരുന്ന് നൽകുകയായിരുന്നു. ഇതോടെ അസ്വസ്ഥത വന്നതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് ഡോക്ടറാണ് കുട്ടിയ്ക്ക് മരുന്ന് മാറി നൽകിയെന്ന വിവരം ബന്ധുക്കളെ അറിയിക്കുന്നത്. വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് കുടുംബം അറിയിച്ചു.






