തൃശൂർ: കടലിലേക്ക് ചാടുന്ന ദൃശ്യം മൊബൈലിൽ പകർത്താൻ ആവശ്യപ്പെട്ട് സമീപിച്ച സംഘം, പിന്നാലെ നാടകീയമായി വഴക്കുണ്ടാക്കി ഐ.ടി. ഉദ്യോഗസ്ഥന്റെ നാലു പവൻ സ്വർണമാല കവർന്നു. തൃശൂർ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ബീച്ചിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സിനിമയെ വെല്ലുന്ന രീതിയിൽ പിടിച്ചുപറി നടന്നത്. സംഭവത്തിൽ മൂന്നുപേരെ വാടാനപ്പിള്ളി പൊലീസ് ഒരു മണിക്കൂറിനകം പിടികൂടി.
ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന 43-കാരനായ ഐ.ടി. ഉദ്യോഗസ്ഥൻ അടുത്തിടെയാണ് നാട്ടിലേക്ക് താമസം മാറിയത്. പതിവുപോലെ ബീച്ചിലൂടെ നടക്കുന്നതിനിടെയാണ് ഒരാൾ സമീപിച്ച് കടലിലേക്ക് ചാടുന്ന ദൃശ്യം തന്റെ ഫോണിൽ പകർത്തിത്തരണമെന്ന് അഭ്യർഥിച്ചത്. സംശയിക്കാനിടയില്ലാതെ യുവാവിന്റെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരിക്കെയാണ് രണ്ടുപേർ കൂടി എത്തി, കടലിലേക്ക് ചാടിയ ആളെ രക്ഷിക്കാതെ വീഡിയോ എടുക്കുകയാണെന്ന് ആരോപിച്ച് ഉദ്യോഗസ്ഥനുമായി വാക്കേറ്റമുണ്ടാക്കിയത്.
സംഘർഷത്തിനിടെ കടലിലേക്ക് ചാടിയ യുവാവും ഇവർക്കൊപ്പം ചേർന്നു. മൂന്നുപേരും ചേർന്ന് ഐ.ടി. ഉദ്യോഗസ്ഥനെ തള്ളിയിട്ട ശേഷം കഴുത്തിലുണ്ടായിരുന്ന നാലു പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഇയാൾ ബഹളംവെച്ചതോടെ സ്വർണക്കടുക്കൻ ഊരിയെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചാണ് പ്രതികൾ കടന്നുകളഞ്ഞത്.
സംഭവത്തിന് പിന്നാലെ ഗൂഗിളിൽ നിന്ന് വാടാനപ്പിള്ളി പൊലീസ് സ്റ്റേഷന്റെ ഫോൺ നമ്പർ കണ്ടെത്തി പരാതിപ്പെട്ടു. രക്ഷപ്പെടുന്ന ബൈക്കിന്റെ നമ്പറും ഉദ്യോഗസ്ഥൻ കുറിച്ചുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ബൈക്കിന്റെ ഉടമയെയും മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ സംഭവം നടന്ന് ഒരു മണിക്കൂറിനകം ഏഴാംകല്ല് ഭാഗത്തുനിന്ന് നിഷാദ്, മരുമകൻ അമീർ, ഫഹദ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
എന്നാൽ കവർന്ന സ്വർണമാല ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്ഷപ്പെടുന്നതിനിടെ പ്രതികൾ സഞ്ചരിച്ച ബൈക്ക് പലതവണ തെന്നിവീണതിനാൽ മാല വഴിയിൽ നഷ്ടപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. മാല കണ്ടെത്തുന്നതിനും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.


















































