ബെലഗാവി: വീടിനുള്ളിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കർണാടകയിലെ ബെലഗാവി ചാവട്ട് ഗല്ലിയിൽ തിങ്കളാഴ്ച രാത്രിയിലാണ് ദാരുണമായ സംഭവം.
റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീടിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. തീ അതിവേഗം പടർന്നതോടെ വീടിനുള്ളിലുണ്ടായിരുന്നവർക്ക് പുറത്തുകടക്കാൻ കഴിയാതെ കുടുങ്ങുകയായിരുന്നു.
ഗജാനൻ ധാമോനെ (65), റോഷൻ ധാമോനെ (21), ശാരദ ധാമോനെ (45), ഭാരതി ധാമോനെ (50) എന്നിവരാണ് മരിച്ചത്. പിയ ധാമോനെ (28), ഗംഗ ധാമോനെ (25) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. റഫ്രിജറേറ്റർ പൊട്ടിത്തെറിക്കാനിടയായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






