തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയില്‍ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിലെ വിവേചനത്തിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പുരുഷനായി ജനിച്ചതുകൊണ്ട് ഒരിടത്തും നീതി ലഭിക്കുന്നില്ലെന്നും പുരുഷന്മാരും ഒരു വോട്ട് ബാങ്ക് ആണെന്നും പ്രതിഷേധക്കാർ സർക്കാരിനെ ഓർമ്മിപ്പിച്ചു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് ഈ ആനുകൂല്യം നൽകണമെന്നാണ് ഇവരുടെ വാദം. സാമ്പത്തിക മാനദണ്ഡം പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര നൽകുന്നതിനോടാണ് സംഘടന വിയോജിപ്പ് രേഖപ്പെടുത്തിയത്. ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും ഐടി മേഖലയിലുള്ളവർക്കും സൗജന്യ ടിക്കറ്റ് നൽകുന്നത് ഒഴിവാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
സാധാരണക്കാരായ സ്ത്രീകൾക്ക് ആനുകൂല്യം നൽകുന്നതിൽ തങ്ങൾക്ക് പരാതിയില്ലെന്നും സംഘടന ഭാരവാഹികൾ വ്യക്തമാക്കി. പ്രായമായ പുരുഷന്മാർക്കും വിദ്യാർഥികൾക്കും പരിഗണന വേണമെന്നാണ് സംഘടനയുടെ ആവശ്യം. സ്ത്രീകൾക്ക് നൽകുന്നതിന് സമാനമായി അറുപത് വയസ്സിന് മുകളിലുള്ള പുരുഷന്മാർക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്രാ സൗകര്യം അനുവദിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
















































