കാസർകോട്: മദ്യപിച്ച് റോഡിലൂടെ അപകടകരമാംവിധം വാഹനമോടിച്ച കേസിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയുടെ (എസ്.ആർ. ധന്യ) ഡ്രൈവിങ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. കൂടാതെ മോട്ടോർ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണമെന്നും നിർദേശമുണ്ട്.
കഴിഞ്ഞ മാസമാണ് മദ്യപിച്ച് വാഹനമോടിച്ചതിനു ധന്യയ്ക്കെതിരേ പോലീസ് കേസെടുത്തത്. ദേശീയപാതയിൽ അണങ്കൂരിലായിരുന്നു സംഭവം. അപകടകരമായ രീതിയിൽ ധന്യയുടെ കാർ ദേശീയപാതയിൽ നിർത്തിയിട്ടത് കണ്ടാണ് പോലീസ് പരിശോധനയ്ക്കെത്തിയത്. എന്നാൽ, പോലീസ് എത്തിയതോടെ കാർ അമിതവേഗത്തിൽ ഓടിച്ചുപോയി. പിന്നീട് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽവച്ച് പോലീസ് കാർ പരിശോധിച്ചതോടെയാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ താൻ ബിയർ കഴിച്ചിരുന്നതായി ധന്യ സമ്മതിച്ചിരുന്നു.



