കാസർകോട്: യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ യൂട്യൂബർ ഖാദർ കരിപ്പൊടിക്കെതിരേ വധശ്രമത്തിന് കേസ്. പള്ളിക്കര സ്വദേശി അബ്ദുൾ അഹാദിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലി അബ്ദുൾ അഹാദിനെ ഖാദർ കരിപ്പൊടിയും സംഘവും വളഞ്ഞിട്ടു ക്രൂരമായി മർദിച്ചുവെന്നാണ് പരാതി.
മർദനമേറ്റ അഹാദ് കാസർകോട് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാളുടെ മുഖത്തും കൈകാലുകൾക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് അബ്ദുൾ അഹാദിനെ ഖാദർ കരിപ്പൊടിയും സുഹൃത്തുക്കളും ചേർന്ന് മർദിക്കുകയും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വർഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പുകളും പ്രതികൾക്കെതിരേ ചേർത്തിട്ടുണ്ട്. കാസർകോട്ടെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഖാദർ കരിപ്പൊടിക്കെതിരേ പത്തോളം കേസുകൾ ഉണ്ടെന്നാണ് വിവരം.
















































