ഗസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗസിയാബാദിൽ വീടിന്‍റെ മുകളിൽ നിന്ന് വീണ് യുവതി മരിച്ചു. സ്ത്രീധ പീഡനത്തെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആകൃതി എന്ന യുവതിയാണ് മരിച്ചത്. ആറു മാസം മുൻപായിരുന്നു ആകൃതിയും രമേശിന്‍റെ മകനായ ഗൗരവും തമ്മിലുള്ള വിവാഹം. 30 ലക്ഷം രൂപയും സ്‌കോർപിയോ കാറും ആവശ്യപ്പെട്ട് ആകൃതിയെ ഭർത്താവും കുടുംബവും മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി സഹോദരൻ പ്രഭാത് നൽകിയ പരാതിയിൽ പറയുന്നു. പ്രഭാതിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഗൗരവ് ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാഹസമയത്ത് തന്നെ ഗൗരവും കുടുംബവും കാര്‍ ചോദിച്ചിരുന്നുവെന്നും എന്നാൽ ഇത് നൽകാത്തതിനെ തുടര്‍ന്ന് ഇരുകുടുംബങ്ങൾക്കിടയിൽ ർക്കമുണ്ടായതായും എഫ്‌ഐആറിൽ പറയുന്നു. 2026 മാർച്ച് 23-ന് ഗസിയാബാദ് രജിസ്ട്രാർ ഓഫീസിൽ വച്ചാണ് ആകൃതിയും ഗൗരവും തമ്മിലുള്ള രജിസ്റ്റർ വിവാഹം നടന്നത്.
വിവാഹത്തിനു ശേഷം ഗൗരവ് 30 ലക്ഷവും സ്‌കോർപിയോ കാറും ആവശ്യപ്പെട്ട് ആകൃതിയെ ശല്യം ചെയ്യാൻ തുടങ്ങി. തന്റെ കടങ്ങൾ വീട്ടുന്നതിനാണ് ഗൗരവ് പണം ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. ഈ ആവശ്യങ്ങൾ നിറവേറ്റാത്തതിനെ തുടർന്ന് ആകൃതിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. താൻ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് ആകൃതി രഹസ്യമായി കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഭർത്താവിന്റെ വീട്ടുകാർ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായും ആകൃതി പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി. സെപ്തംബര്‍ 7ന് രാത്രി 9 മണിക്കും ആകൃതി തന്‍റെ വീട്ടുകാരെ വിളിച്ചിരുന്നു. ഭര്‍ത്താവും ഭര്‍തൃപിതാവും മാതാവും സഹോദരിമാരും ചേര്‍ന്ന് തന്നെ ഉപദ്രവിക്കുകയാണെന്നും കൊല്ലുമെന്നും ആകൃതി പറഞ്ഞിരുന്നു.
പെട്ടെന്ന് തന്നെ ഫോൺ കോൾ കട്ടാവുകയും ചെയ്തു. ആകൃതി വീടിന്‍റെ മുകളിൽ നിന്ന് വീണുവെന്നാണ് ഗൗരവിന്‍റെ കുടുംബം അറിയിച്ചത്. ചികിത്സയിലായിരുന്ന ആകൃതി സെപ്തംബര്‍ 10ന് മരിക്കുകയും ചെയ്തു. അകൃതിയുടെ സഹോദരൻ പ്രഭാതിന്‍റെ പരാതിയെത്തുടർന്ന് മുറാദ്‌നഗർ പൊലീസ് ഗൗരവ്, രമേശ്, സരോജ്, നേഹ, സോണി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീധന നിരോധന നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എസിപി സുനിൽ കുമാറിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സെപ്റ്റംബർ 12 ന് ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുറാദ്‌നഗർ പ്രദേശത്ത് നിന്ന് ഗൗരവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. വിവാഹശേഷം സ്ത്രീധനം ലഭിക്കാത്തതിൽ തനിക്ക് നീരസമുണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ ഗൗരവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.






