കാക്കിനാട: കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്ന് യുവതി. ആന്ധ്രാപ്രദേശിലെ കാക്കിനാടയില്‍ നടന്ന കേസില്‍, മാസങ്ങള്‍ക്കുശേഷം ലഭിച്ച രഹസ്യ സന്ദേശമാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
അറസ്റ്റിലായ രമാദേവിയും പ്രസാദം ഗോപിയും തമ്മിലുള്ള പരിചയം ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു. പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് വളരുകയും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തിലെത്തുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ഭര്‍ത്താവ് പുല്ല ദുര്‍ഗ പ്രസാദ് ജീവനോടെ ഉള്ളിടത്തോളം ആ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന നിഗമനത്തിലെത്തിയ ഇരുവരും അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ദീര്‍ഘകാലമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന പുല്ല ദുര്‍ഗ പ്രസാദിന്റെ ആരോഗ്യസ്ഥിതിയെ തന്നെ പദ്ധതിക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു പ്രതികളെന്ന് അന്വേഷണ സംഘം പറയുന്നു. ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹം ബോധരഹിതനാവുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. മരണശേഷം ഹൃദയാഘാതമാണ് മരണകാരണമെന്ന് രമാദേവി ബന്ധുക്കളെ അറിയിച്ചു. നേരത്തേ ഹൃദ്രോഗബാധ ഉണ്ടായിരുന്നതിനാല്‍ ബന്ധുക്കള്‍ ഈ വിശദീകരണം സംശയമില്ലാതെ വിശ്വസിക്കുകയും ചെയ്തു. മാര്‍ച്ചിലായിരുന്നു പുല്ല ദുര്‍ഗ പ്രസാദിന്റെ മരണം.
എന്നാല്‍ മാസങ്ങള്‍ക്കുശേഷം, ഇത് സ്വാഭാവിക മരണമല്ലെന്നും രമാദേവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും സൂചിപ്പിക്കുന്ന രഹസ്യ സന്ദേശം മരിച്ചയാളുടെ ഒരു ബന്ധുവിന് ലഭിച്ചു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രമാദേവിയും പ്രസാദവും തമ്മിലുള്ള ബന്ധവും കൊലപാതക ഗൂഢാലോചനയും പുറത്തുവന്നത്.
















































