ന്യൂഡൽഹി: ഡൽഹി സ്വരൂപ് നഗറിൽ 16 വയസുകാരിയെ നാല് കൗമാരക്കാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലിൽ ഉപേക്ഷിച്ചതായി പോലീസ്. സംഭവത്തിൽ 19 വയസുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായും മൂന്ന് പ്രായപൂർത്തിയാകാത്ത പ്രതികളെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
പ്രതികളിൽ 17 വയസുകാരനായ ഒരാൾ പെൺകുട്ടിയുടെ സുഹൃത്തായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളെ കാണാനായാണ് പെൺകുട്ടി പുറത്തുപോയതെന്നാണ് വിവരം. 17കാരന്റെ സുഹൃത്തുക്കളാണ് മറ്റ് മൂന്ന് പ്രതികളെന്നും പോലീസ് പറഞ്ഞു. സംഭവം നടന്നത് വെള്ളിയാഴ്ച രാത്രിയിലായിരിക്കാമെന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം ഞായറാഴ്ച രാവിലെയാണ് സ്വരൂപ് നഗറിലെ കുഷക് റോഡിന് സമീപമുള്ള വയലിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം നായ്ക്കളും മറ്റ് മൃഗങ്ങളും എത്തിയതായി പ്രദേശവാസികൾ ശ്രദ്ധിച്ചതിനെ തുടർന്നാണ് വിവരം പൊലീസിനെ അറിയിച്ചത്.
മൃതശരീരം അഴുകിയ നിലയിലായിരുന്നു. വലതുകൈ നഷ്ടപ്പെട്ട നിലയിലും മുഖത്തും വയറിലും ഗുരുതരമായ കേടുപാടുകളോടെയുമാണ് മൃതദേഹം കണ്ടെത്തിയത്. മുഖം തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ തന്നെ മൃതദേഹം അതിവേഗം അഴുകിയതിന് തുറന്ന സ്ഥലത്ത് കിടന്നതും കാലാവസ്ഥാ സാഹചര്യങ്ങളും കാരണമായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
പോസ്റ്റ്മോർട്ടം പരിശോധനയിൽ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചതായും ശരീരത്തിൽ എട്ട് മുറിവുകൾ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. പെൺകുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായും സ്ഥിരീകരണമുണ്ട്. കൊലപാതകത്തിന് ശേഷം മൃതദേഹം വയലിൽ ഉപേക്ഷിക്കുകയും പിന്നീട് മൃഗങ്ങൾ ശരീരം ആക്രമിക്കുകയും ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തുടക്കത്തിൽ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ കുടുംബത്തെ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുമായി പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെയാണ് പിന്നീട് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്. കുടുംബത്തിന്റെ മൊഴിയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും അടിസ്ഥാനമാക്കി കൊലപാതകം, ബലാത്സംഗം, തെളിവുകൾ നശിപ്പിക്കാൻ ശ്രമം എന്നിവ ഉൾപ്പെടെ കേസെടുത്തു.
അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഔട്ടർ നോർത്ത്) ലോകേശ്വരൻ ആർ, എസിപി രവീന്ദർ അഹ്ലാവത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്തെ 50ലധികം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. സംഭവസമയത്ത് വയലിന് സമീപത്തുകൂടി ഒരു ടെമ്പോ കടന്നുപോയതായി ദൃശ്യങ്ങളിൽ കണ്ടെത്തി. ടെമ്പോയുടെ രജിസ്ട്രേഷൻ നമ്പർ വ്യക്തമായി ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ പ്രാദേശിക അന്വേഷണത്തിലൂടെയാണ് വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചത്. ടെമ്പോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ 17 വയസുകാരനായ ഇളയ സഹോദരൻ പതിവായി വാഹനം ഉപയോഗിക്കാറുണ്ടെന്ന് മൊഴി ലഭിച്ചു.
സിസിടിവി ദൃശ്യങ്ങളിൽ നാല് യുവാക്കൾ ടെമ്പോയ്ക്കുള്ളിൽ ഉണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ഇവരെ തിരിച്ചറിഞ്ഞെങ്കിലും ഇതിനോടകം വീടുകളിൽനിന്ന് മാറിപ്പോയിരുന്നു. വിവിധ ക്യാമറകളിലെ ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് ടെമ്പോ സഞ്ചരിച്ച വഴിയും പോലീസ് കണ്ടെത്തി.
ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇടയിലുള്ള രാത്രിയിൽ നടത്തിയ തിരച്ചിലിൽ സ്വരൂപ് നഗറിലെ ഖഡ്ഡ കോളനിയിൽനിന്ന് ടെമ്പോ കണ്ടെത്തി. വാഹനത്തിന്റെ ഡ്രൈവറെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. പോലീസ് പറയുന്നതനുസരിച്ച് 19 വയസുകാരനായ ശിവം ഗണേഷ്, 17, 16 വയസുള്ള മൂന്ന് പ്രായപൂർത്തിയാകാത്തവർ എന്നിവരാണ് കേസിലെ പ്രതികൾ. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന രണ്ട് കത്തികളും പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രതികളിൽ കുറഞ്ഞത് മൂന്ന് പേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി സമ്മതിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി 17കാരനായ പ്രതിയെ കാണാനാണ് പെൺകുട്ടി പോയതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. ഇയാളാണ് ആദ്യം പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്നും ഇതിനെതിരെ പെൺകുട്ടി പോലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് ഇയാൾ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും പെൺകുട്ടിയെ കീഴ്പ്പെടുത്തി മറ്റ് പ്രതികൾ ബലാത്സംഗം ചെയ്യുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. സംഭവ സമയത്ത് പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ വയലിലേക്ക് കൊണ്ടുപോയി ആറ് തവണയിലധികം കുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. മൃതദേഹം ഇലകളും മണ്ണും ഉപയോഗിച്ച് മറയ്ക്കാനും പ്രതികൾ ശ്രമിച്ചു. പിന്നീട് ടെമ്പോയിൽ രക്ഷപ്പെടുകയായിരുന്നു. ബലാത്സംഗം നടന്നത് ടെമ്പോയ്ക്കുള്ളിലാണോ വയലിൽവെച്ചാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് പെൺകുട്ടി സ്വരൂപ് നഗറിലേക്ക് താമസം മാറിയത്. സ്കൂൾ പഠനം ഉപേക്ഷിച്ച പെൺകുട്ടി മാതാപിതാക്കളെ സഹായിക്കുന്നതിനായി ജോലി അന്വേഷിച്ചുവരികയായിരുന്നു. മാതാപിതാക്കളിൽനിന്ന് വേറിട്ടാണ് താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാതായതായി മാതാപിതാക്കൾക്ക് അറിയില്ലായിരുന്നതിനാൽ രണ്ട് ദിവസത്തോളം കാണാതായിട്ടും മിസ്സിംഗ് പരാതി നൽകിയിരുന്നില്ല. പെൺകുട്ടി വീട്ടിൽനിന്ന് പുറത്തുപോയ വിവരം പോലും മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
കേസിൽ അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലുള്ള ഓരോ പ്രതിയുടെയും പങ്ക് പ്രത്യേകം പരിശോധിക്കുന്നതിനൊപ്പം ഫോറൻസിക്, സാങ്കേതിക തെളിവുകളും പോലീസ് ശേഖരിക്കുന്നുണ്ട്. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശോഭിത് സക്സേന അറിയിച്ചു. സംഭവസ്ഥലത്തുനിന്നും പ്രതികളിൽനിന്നും ലഭിച്ച തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്കായി സംരക്ഷിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.






