കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന് പിന്തുണയുമായി സിപിഎം നേതാവ് തോമസ് ഐസക്. ആൻ്റോക്കെതിരായ ജിഎസ്ടി വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി വകുപ്പ് പരാക്രമം നടത്തുകയാണ്. ഇക്കാര്യത്തില്‍ ജിഎസ്ടി കമ്മീഷണര്‍ നിലപാട് വ്യക്തമാക്കണം. കേരളത്തില്‍ ജിഎസ്ടിയെ ഒരു രാഷ്ട്രീയ ഉപകരണമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു. ‘ജിഎസ്ടി കമ്മീഷണര്‍ വ്യക്തമാക്കണം, ഏത് വകുപ്പിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരായിട്ട് അന്വേഷണം നടത്തുന്നത്? ഇന്ന് അത്തരത്തിലുള്ള ഒരു അന്വേഷണത്തിന് യാതൊരു അടിത്തറയുമില്ല. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നികുതിവെട്ടിപ്പെന്ന് ജിഎസ്ടി കമ്മീഷണര്‍ പറയണം.
കേന്ദ്ര സര്‍ക്കാര്‍ ഇന്‍കം ടാക്‌സ് വകുപ്പിനെയും മറ്റും എങ്ങനെയാണ് ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നത്, അതുപോലെ കേരളത്തില്‍ ജിഎസ്ടിയെ ഒരു രാഷ്ട്രീയ ഉപകരണമാക്കി മാറ്റാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുകയാണ്. -അദ്ദേഹം പറഞ്ഞു. ഇഡി ചെയ്യുന്ന ഒരു പരിപാടിയുണ്ട്. എന്തെങ്കിലും തുമ്പ് കിട്ടിയാല്‍ ആറേഴ് വര്‍ഷം നടന്ന് വെരകാം. ഇതേ നിലയിലാണ് കേരളത്തിലെ പൊലീസ് ചെയ്യുന്നത്. ആന്റോക്കെതിരായ കേസില്‍ വീട് തപ്പിയപ്പോള്‍ മദ്യം കിട്ടിയെന്ന് പറഞ്ഞ് അതിന്റെ പേരില്‍ കേസ്.
പൗരാവകാശത്തിന്റെ മേല്‍ ഒരു നിയന്ത്രണവുമില്ലാതെ കടന്നുകയറുകയാണ്. എന്ത് തട്ടിപ്പാണ് നടന്നത്? ഒരു ടീമിനെയോ പ്രശസ്തനായ ആളെയോ കേരളത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. അതിന് നിങ്ങള്‍ പണം മുടക്കുന്നു. അയാള്‍ വന്നില്ല. അതിലെന്താണ് തട്ടിപ്പ്? നാട്ടില്‍ നിന്ന് പണം പിരിച്ചോ? സര്‍ക്കാര്‍ സഹായം എടുത്തോ? പിന്നെ എന്താണ് തട്ടിപ്പ്. ഇല്ലാത്ത കേസുകളുണ്ടാക്കി മാധ്യമങ്ങളെ വേട്ടയാടുന്ന ഈ പ്രവണത മുളയിലേ നുള്ളിയില്ലെങ്കില്‍ കേരളത്തിന് ആപത്താണ്. -തോമസ് ഐസക് പറഞ്ഞു.






