ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇന്നും തീരുമാനമായില്ല. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ വസതിയിൽ ചൊവ്വാഴ്ച രാത്രിയും നിർണായക ചർച്ചകൾ നടന്നിരുന്നു. മുൻ കെപിസിസി അധ്യക്ഷൻമാരടക്കമുള്ളവർ ചർച്ചകൾക്കെത്തി.
ഏറ്റവും ഒടുവിലായി വി.എം. സുധീരനാണ് രാഹുൽ ഗാന്ധിയുമാണ് കൂടിക്കാഴ്ച നടത്തിയത്. ജനവികാരമുൾപ്പെടെ തന്റെ ശ്രദ്ധയിൽപ്പെട്ട എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സംതൃപ്തിയോട് കൂടിയാണ് കൂടിക്കാഴ്ച അവസാനിച്ചതെന്നും ചർച്ചയ്ക്ക് ശേഷം സുധീരൻ പറഞ്ഞു. അതേസമയം രാഹുലുമായി ചർച്ച ചെയ്ത കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. കെ. മുരളീധരനുൾപ്പെടെയുള്ളവർ രാഹുൽ ഗാന്ധിയെ കണ്ട് തങ്ങളുടെ നിലപാട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ വൈകുന്നേരം രാഹുൽ ഗാന്ധിക്ക് സുധീരനുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചിരുന്നില്ല. രാത്രി വസതിയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് സുധീരനുമായി ചർച്ച നടത്തിയത്.
ഇതിനിടെ ഖാർഗെയും ഡൽഹിയിൽ മടങ്ങിയെത്തിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധിയും ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതിന് ശേഷമായിരിക്കും പ്രഖ്യാപനമെന്നും അറിയുന്നുണ്ട്.
അതേസമയം സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും അടക്കം നടത്തിയ ചർച്ചകളിൽ തങ്ങൾക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ, എ.കെ. ആന്റണി എന്നിവരുടെ അഭിപ്രായങ്ങൾ ഫോൺ വഴിയാണ് തേടിയത്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്നുപേരുകളാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ഇതിൽ ആരെന്നതിൽ ദിവസങ്ങളായി അനിശ്ചിതത്വം തുടരുകയാണ്.
















































