ചെന്നൈ: തമിഴ് ജനതക്ക് പുതിയ തുടക്കമാണ് ടിവികെ അധികാരത്തിലേറിയതോടെ ഉണ്ടായതെന്ന് വിജയ്. തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സംസാരിക്കുകയായിരുന്നു വിജയ്. ദാരിദ്ര്യവും വിശപ്പും എന്താണെന്ന് അറിയാവുന്ന സാധാരണക്കാരനാണ് താന്‍. വ്യാജ വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കില്ല. സാധ്യമായ കാര്യങ്ങള്‍ മാത്രമേ പറയൂവെന്നും വിജയ് പറഞ്ഞു. ‘ഒരു സഹസംവിധായകന്റെ മകനായ, സിനിമയില്‍ വിജയിക്കാന്‍ ഏറെ പ്രയാസങ്ങള്‍ നേരിട്ട എനിക്ക് ദാരിദ്ര്യവും വിശപ്പും എന്താണെന്ന് വളരെ നന്നായി അറിയാം. ഞാന്‍ ഒരു രാജപരമ്പരയില്‍ നിന്ന് വരുന്നയാളല്ല. ഞാന്‍ നിങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള ഒരാളാണ്. അങ്ങനെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്. നിങ്ങളും എന്നെ അതുപോലെ കണ്ടതിനാലാണ് എനിക്ക് സിനിമയില്‍ വലിയ സ്ഥാനത്തെത്താന്‍ കഴിഞ്ഞത്.
ജനങ്ങളോടുള്ള കടപ്പാട് വീട്ടാനാണ് ഞാന്‍ എല്ലാം വിട്ടൊഴിഞ്ഞ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. നിങ്ങള്‍ എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചതില്‍ നന്ദി. ഞാന്‍ ഒരു മിശിഹായല്ല. സാധാരണ ജീവിതം നയിക്കുന്ന സാധാരണക്കാരനാണ്. ‘ജോസഫ് വിജയ് എന്ന ഞാന്‍’ എന്ന് എനിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ കാരണക്കാരായത് നിങ്ങളാണ്.
വ്യാജ വാഗ്ദാനങ്ങളിലൂടെ ഞാന്‍ ജനങ്ങളെ വഞ്ചിക്കില്ല. സാധ്യമായ കാര്യങ്ങള്‍ മാത്രമേ പറയൂ. അസാധ്യമായി തോന്നുന്ന കാര്യങ്ങള്‍ എന്നെങ്കിലും സാധ്യമാകുമോ എന്ന് ജനങ്ങള്‍ വിചാരിച്ചേക്കാം. എന്നാല്‍ കോടിക്കണക്കിന് ജനങ്ങള്‍ എനിക്ക് ഒപ്പം നിന്നാല്‍ എന്തും സാധ്യമാക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ആ ആത്മവിശ്വാസമുണ്ട്’ -വിജയ് പറഞ്ഞു.

















































