കണ്ണൂർ: വിഭാഗീയ പ്രവർത്തനങ്ങളും പാർട്ടി വിരുദ്ധ നീക്കങ്ങളും സംബന്ധിച്ച ഗുരുതര ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ ജില്ലാ കമ്മിറ്റി തീരുമാനം. രണ്ടംഗ അന്വേഷണ കമ്മീഷന്റെ ശുപാർശ പരിഗണിച്ചാണ് ജില്ലാ കമ്മിറ്റിയുടെ നടപടി. പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗം വിശദമായി ചർച്ച ചെയ്തു. ഒരു ദിവസം നീണ്ട ചർച്ചയ്ക്കൊടുവിലാണ് നിലവിലെ ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് താൽക്കാലിക കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്. ഏരിയ കമ്മിറ്റിക്കുള്ളിൽ ഗുരുതരമായ സംഘടനാ പ്രശ്നങ്ങളുണ്ടെന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും കമ്മീഷൻ കണ്ടെത്തിയതായാണ് വിവരം.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലുണ്ടായ കനത്ത തോൽവിയാണ് അന്വേഷണത്തിന് പ്രധാന കാരണമായത്. വർഷങ്ങളായി സിപിഎമ്മിന് ശക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്ന മണ്ഡലത്തിൽ ഇത്തവണ പാർട്ടി സ്ഥാനാർഥി ടി.ഐ. മധുസൂദനൻ പരാജയപ്പെട്ടു. ഏകദേശം 50,000 വോട്ടിന്റെ ഭൂരിപക്ഷം നിലനിർത്തിയിരുന്ന മണ്ഡലത്തിലാണ് പാർട്ടിക്ക് തിരിച്ചടി നേരിട്ടത്. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കു മുൻപ് സിപിഎമ്മിൽനിന്ന് വിട്ടുപോയ വി. കുഞ്ഞികൃഷ്ണനാണ് ഇവിടെ വിജയിച്ചത്.
കുഞ്ഞികൃഷ്ണന്റെ വിജയം സ്വാഭാവികമായി ഉണ്ടായതല്ലെന്നും സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ ചിലരുടെ പിന്തുണ ഇതിന് പിന്നിലുണ്ടായിരുന്നുവെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയെന്നാണ് വിവരം. ഏരിയ കമ്മിറ്റിയിലെ ചിലർ കുഞ്ഞികൃഷ്ണനുവേണ്ടി രഹസ്യമായി പ്രവർത്തിക്കുകയും വോട്ട് സമാഹരിക്കുകയും ചെയ്തതായി കമ്മീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാർട്ടി സ്ഥാനാർഥിക്ക് ലഭിക്കേണ്ട വോട്ടുകൾ മറിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് സൂചന.
പാർട്ടി നേതൃത്വത്തിലുള്ള സ്ഥാനങ്ങളിലിരുന്നുകൊണ്ടുതന്നെ പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ചിലർ പ്രവർത്തിച്ചതായുള്ള ഗുരുതര ആരോപണങ്ങളും കമ്മീഷൻ പരിശോധിച്ചു. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും നടന്ന സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്ന ശുപാർശ നൽകിയതെന്നാണ് വിവരം.
താൽക്കാലിക ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. ഹരീന്ദ്രനെ ചുമതലപ്പെടുത്തും. പയ്യന്നൂരിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും നിലവിലെ ഏരിയ കമ്മിറ്റിയിലെ ചില അംഗങ്ങളും ഉൾപ്പെടുന്ന രീതിയിലായിരിക്കും പുതിയ താൽക്കാലിക കമ്മിറ്റി രൂപീകരിക്കുക.
പാർട്ടിക്കുള്ളിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിച്ച് തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായാണ് ഏരിയ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനമെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കുന്നത്.



















































