കൊല്ലം: വഴക്കിനിടെ പിണങ്ങിപ്പോയ ഭാര്യയെ തിരക്കി പോലീസ് സ്റ്റേഷനിലെത്തിയ ആളിൽനിന്ന് എംഡിഎംഎ പിടികൂടി. ആറ്റിങ്ങൽ സ്വദേശി സനിൽ കുമാറാണ് നേരെ ചെന്ന് പോലീസിനു മുന്നിൽ ചാടിക്കൊടുത്തത്. ഭാര്യാ സഹോദരിയുടെ മരണ വിവരമറിഞ്ഞ് കൊല്ലം ചാത്തന്നൂരിലെത്തിയതായിരുന്നു ഇരുവരും. മരണവീട്ടിൽവച്ച് സനിൽ കുമാറും ഭാര്യയും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ, ഭാര്യയ്ക്ക് പരുക്കേൽക്കുകയും ചെയ്തു.
ഇതോടെ ആശുപത്രിയിൽ കാണിക്കാൻ ഭാര്യ പുറത്തിറങ്ങിയതോടെ പിന്നാലെ സനിൽ കുമാറുമിറങ്ങി. സനിൽ പിന്തുടരുന്നുവെന്ന് മനസ്സിലായതോടെ ഭാര്യ ചാത്തന്നൂർ പോലീസ് സ്റ്റേഷനിലേക്ക് കയറുകയായിരുന്നു. ഇതിനു പിന്നാലെ ഇയാളും പോലീസ് സ്റ്റേഷനിലേക്ക് കയറി. ഭർത്താവ് മർദിച്ച വിവരം സനിൽ കുമാറിന്റെ ഭാര്യ പോലീസുകാരെ അറിയിച്ചു. സനിലിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസുകാർ ദേഹപരിശോധന നടത്തിയപ്പോഴാണ് ഒരു ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. സനിൽ കുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.






