തിരുവനന്തപുരം: തന്റെ ബോഡി ലാംഗ്വേജിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സിപിഎം നേതാവ് പി. രാജീവ് തന്റെ ശരീരഭാഷയെ വിമർശിച്ചതായി ശ്രദ്ധയിൽപ്പെട്ടുവെന്നും, എന്നാൽ താൻ വലിയ ബുദ്ധിജീവിയോ പ്രഭാഷകനോ എഴുത്തുകാരനോ അല്ലെന്നും വെറുമൊരു സാധാരണ നാട്ടിൻപുറത്തുകാരനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
“തമാശ കേൾക്കുമ്പോൾ ചിരിക്കുകയും സങ്കടം വരുമ്പോൾ കരയുകയും ദേഷ്യം വരുമ്പോൾ പ്രതികരിക്കുകയും ചെയ്യുന്ന സാധാരണക്കാരനാണ് ഞാൻ. എന്റെ ബോഡി ലാംഗ്വേജ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലായിരിക്കാം. അദ്ദേഹത്തിന്റെ ശൈലിയല്ല എന്റെ ശൈലി,” എന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പി. രാജീവ് ഉന്നയിച്ച ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അഞ്ച് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെയും അഞ്ച് ഗവൺമെന്റ് പ്ലീഡർമാരെയും നിയമിച്ചിരുന്നുവെന്നും, രണ്ടാം പിണറായി സർക്കാരിൽ പി. രാജീവ് നിയമമന്ത്രിയായിരിക്കെ മൂന്ന് സ്പെഷ്യൽ ജിപിമാരെയും മൂന്ന് ജിപിമാരെയും കൂടി നിയമിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ ആകെ 16 നിയമനങ്ങളാണ് മുൻ സർക്കാർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഹൈക്കോടതിയിലെ കേസുകളുടെ എണ്ണം ഏകദേശം 37,000 ആയി ഉയർന്ന സാഹചര്യത്തിൽ സർക്കാർ അഭിഭാഷകരുടെ എണ്ണം വർധിപ്പിക്കണമെന്ന് അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെയുള്ളവർ ശുപാർശ ചെയ്തിരുന്നു. 23 പേരെ നിയമിക്കണമെന്ന നിർദേശമുണ്ടായിരുന്നെങ്കിലും സർക്കാർ അത് 12 പേരായി ചുരുക്കിയാണ് അംഗീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അഡ്വക്കേറ്റ് ജനറലുമായും ഡി.ജി.പിയുമായും ചർച്ച നടത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും, മാനദണ്ഡങ്ങളില്ലാതെ പ്ലീഡർമാരെ നിയമിച്ചവരാണ് ഇപ്പോൾ സർക്കാരിനെ വിമർശിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.






