പാലക്കാട്: വാണിയംകുളത്ത് നിന്ന് ആറ് ദിവസമായി കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്താനുള്ള അന്വേഷണം കൂടുതൽ ഊർജിതമാക്കി പൊലീസ്. കുടുംബം സഞ്ചരിച്ച പിക്കപ്പ് വാഹനം കർണാടക അതിർത്തി കടന്നതും പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തിയതും ഉൾപ്പെടെയുള്ള നിർണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
അന്വേഷണത്തിൽ, കർണാടകയിലേക്ക് വാഹനം കടക്കുമ്പോൾ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവർ വാഹനത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമായി. എന്നാൽ വാഹനം പിന്നീട് കേരളത്തിൽ ഉപേക്ഷിക്കുമ്പോൾ വിഷ്ണു മാത്രമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വാഹനം ഉപേക്ഷിച്ച ശേഷം വിഷ്ണു എവിടേക്ക് പോയി, ബാബു ഭാസ്കറും രമാദേവിയും എവിടെയായി എന്നീ ചോദ്യങ്ങൾക്കാണ് ഇപ്പോൾ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനായി നിലവിലെ അന്വേഷണ സംഘത്തിന് പുറമെ മറ്റൊരു പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വാണിയംകുളം സ്വദേശികളായ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവർ വീട്ടിൽ നിന്ന് പുറത്തുപോയത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണെന്ന് അയൽവാസികളോട് പറഞ്ഞാണ് ഇവർ യാത്രതിരിച്ചത്. എന്നാൽ പിന്നീട് അത്തരമൊരു വിവാഹച്ചടങ്ങ് എവിടെയും നടന്നിട്ടില്ലെന്ന് വ്യക്തമായി. കുടുംബത്തെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതോടെ ബന്ധുക്കൾ ഷൊർണൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ കുടുംബം സ്വന്തം പിക്കപ്പ് വാഹനത്തിൽ വീട്ടിൽ നിന്ന് പുറപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് രണ്ട് പിക്കപ്പ് വാഹനങ്ങളുണ്ടെങ്കിലും ഒരെണ്ണം വീട്ടിൽ തന്നെ പാർക്ക് ചെയ്ത നിലയിലായിരുന്നു. കാണാതായ മൂന്നുപേരുടെയും മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ആണ്. ഫോണുകളുടെ അവസാന ടവർ ലൊക്കേഷൻ വീടിന് സമീപത്തുനിന്നാണ് ലഭിച്ചത്.
കുടുംബത്തിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വമേധയാ മാറിനിന്നതാണോ, അതോ മറ്റെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നതടക്കം എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.


















































