വൈക്കം: ഗ്യാസ് ക്ഷാമം രൂക്ഷമായിരിക്കെ, പുതുതായി നിർമിച്ച ആധുനിക ഗ്യാസ് പൊതുശ്മശാനത്തിൽ സൂക്ഷിച്ചിരുന്ന 16 കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയി. ടി.വി.പുരം പഞ്ചായത്തിലെ ചേരിക്കലിലുള്ള ശ്മശാനത്തിനുസമീപത്തെ സ്റ്റോർ മുറിയുടെ പൂട്ട് തകർത്ത് കയറിയാണ് മോഷ്ടാക്കൾ സിലിണ്ടറുകൾ കവർന്നത്.
ഏപ്രിൽ ഒന്നിന് ശേഷമുള്ള ദിവസങ്ങളിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം സമീപത്തെ എം.സി.എഫ്. കേന്ദ്രം തുറക്കാനെത്തിയ ഹരിതകർമസേനാംഗങ്ങളാണ് പൂട്ട് തകർന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ നഷ്ടമായതായി വ്യക്തമായത്.
പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയെ തുടർന്ന് വൈക്കം പൊലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും നിർണായക തെളിവുകളൊന്നും ലഭിച്ചില്ല. സംഭവസമയത്ത് സി.സി.ടി.വി. ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നതും അന്വേഷണത്തിന് തിരിച്ചടിയായി. പൊലീസ് അന്വേഷണം തുടരുകയാണ്.
ശ്മശാനത്തിന്റെ പ്രവർത്തനത്തിനായി വാങ്ങിയ 19 കിലോ തൂക്കമുള്ള 16 കൊമേഴ്സ്യൽ സിലിണ്ടറുകളാണ് മോഷണം പോയത്. ഏകദേശം 75,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ടി.വി.പുരം ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ 93 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക ശ്മശാനം നിർമിച്ചത്. ഉദ്ഘാടനം നടന്നെങ്കിലും ആവശ്യമായ രേഖകളും ജില്ലാ കലക്ടറുടെ പ്രവർത്തനാനുമതിയും ലഭിക്കാത്തതിനാൽ ശ്മശാനം ഇതുവരെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. ജൂലൈ 8-ന് പ്രവർത്തനം ആരംഭിക്കാനുള്ള അനുമതി കാത്തിരിക്കെയാണ് മോഷണം നടന്നത്.
സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ആവശ്യപ്പെട്ടു. അതേസമയം, മോഷണവിവരം പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യുകയോ അംഗങ്ങളെ അറിയിക്കുകയോ ചെയ്തില്ലെന്ന് ആരോപിച്ച് കോൺഗ്രസ് ടി.വി.പുരം മണ്ഡലം പ്രസിഡന്റ് ടി. അനിൽകുമാർ രംഗത്തെത്തി. സംഭവം മൂടിവെക്കാനാണ് ഭരണസമിതി ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.



















































