തെഹ്റാൻ: ഇറാൻ്റെ തെക്കുപടിഞ്ഞാറൻ മേഖലയിലുണ്ടായ വ്യോമാപകടത്തിനിടെ ഒരു അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റ് പുറത്തേക്ക് ചാടിയതായി റിപ്പോർട്ട്. അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിന് ശേഷം ഇറാൻ്റെ ഉള്ളിൽ അമേരിക്കൻ യുദ്ധവിമാനം നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കപ്പെടുന്ന ആദ്യ സംഭവമാണിത്.
അതേസമയം അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വിമാനത്തിലുണ്ടായിരുന്ന രണ്ടംഗ സംഘത്തിൽ ഒരാളെ അമേരിക്കൻ പ്രത്യേക സേന രക്ഷപ്പെടുത്തി. മറ്റൊരു സൈനികനെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നതായാണ് സിഎൻഎൻ അടക്കം റിപ്പോർട്ട് ചെയ്യുന്നത്. രക്ഷപ്പെടുത്തിയ പൈലറ്റിന് ചികിത്സ ലഭ്യമാക്കിയെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ദ് ന്യൂയോർക്ക് ടെെംസ്, ദ് വാൾസ്ട്രീറ്റ് ജേർണൽ തുടങ്ങിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് എഫ് 15 ഇ ജെറ്റ് വിമാനമാണ് ഇറാനിൽ തകർന്നത്. അമേരിക്കൻ സൈനിക വിമാനത്തെ ഇറാൻ വെടിവച്ച് വീഴ്ത്തിയതായി ഡൊണാൾഡ് ട്രംപിനെ അറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലീവിറ്റ് പ്രതികരിച്ചു.സാധാരണയായി ഈ യുദ്ധവിമാനത്തിൽ ഒരു പൈലറ്റിനൊപ്പം പിന്നിൽ ആയുധസിസ്റ്റം ഓപ്പറേറ്ററും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ, ഇറാനിലെ പ്രാദേശിക ടെലിവിഷൻ ചാനലുകൾ പൈലറ്റിനെ കണ്ടെത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. Kohgiluyeh and Boyer-Ahmad Province മേഖലയിലെ ജനങ്ങൾ പൈലറ്റിനെ ജീവനോടെ പിടികൂടി അധികൃതർക്കു കൈമാറിയാൽ പ്രതിഫലം നൽകുമെന്ന് പ്രഖ്യാപിച്ചു. സമീപ പ്രദേശമായ ചഹർമഹലും ബഖ്തിയരി പ്രവിശ്യയും മേഖലയിലേക്കും തിരച്ചിൽ വ്യാപിപ്പിക്കാനാണ് നിർദ്ദേശം. ചില പ്രക്ഷേപണങ്ങളിൽ “കണ്ടാൽ വെടിവെക്കുക” എന്ന വിവാദപരമായ നിർദ്ദേശവും പ്രചരിച്ചതായി റിപ്പോർട്ടുണ്ട്.
അതേസമയം ഇറാൻ്റെ സർക്കാർ പ്രക്ഷേപണ സ്ഥാപനം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, അപകടസ്ഥലത്തേക്ക് നിരവധി നാട്ടുകാർ സ്വകാര്യ വാഹനങ്ങളിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ, പിടികൂടിയാൽ പൈലറ്റിനെ ദുരുപയോഗം ചെയ്യരുതെന്ന് ഇറാനിയൻ സൈന്യം നിർദ്ദേശം നൽകിയതായും അറിയിച്ചു.
ഇതിനിടെ, ഇറാൻ മാധ്യമങ്ങൾ വലിയ അവകാശവാദവുമായി രംഗത്തെത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഒരു F-35 ലൈറ്റ്നിംഗ് യുദ്ധവിമാനവും വെടിവെച്ച് വീഴ്ത്തിയതായി അവകാശപ്പെട്ടു. മാത്രമല്ല ഈ അവകാശവാദം തസ്നിം ന്യൂസ് ഏജൻസി ചില മാധ്യമങ്ങൾ ചിത്രങ്ങളോടെ പുറത്തുവിട്ടു. എന്നാൽ, സമാനമായ മുൻ അവകാശവാദങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് തള്ളിക്കളഞ്ഞിരുന്നു. അമേരിക്കയുടെ എല്ലാ യുദ്ധവിമാനങ്ങളും സുരക്ഷിതമാണ് എന്നാണ് അവർ പ്രതികരിച്ചത്. എന്നാൽ പെൻ്റഗൺ, വൈറ്റ് ഹൗസ് എന്നിവിടങ്ങളിൽ നിന്ന് ഇപ്പോഴത്തെ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങളോടെയാണ് യുദ്ധം ആരംഭിച്ചത്. പിന്നീട് മേഖലയിൽ സംഘർഷം ഉയർന്നിരിക്കുകയാണ്. മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലൂടെ ഇറാൻ തിരിച്ചടി തുടരുമ്പോൾ, അമേരിക്കയും സഖ്യകക്ഷികളും സൈനിക നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
അതുപോലെ സംഘർഷത്തിൻ്റെ മനുഷ്യചെലവും ഗൗരവമായി ഉയരുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഇറാനിൽ 1900-ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിൽ 19 പേർ, ഗൾഫ് രാജ്യങ്ങളിലെയും വെസ്റ്റ് ബാങ്കിലെയും ആളുകളും കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ, 13 അമേരിക്കൻ സൈനികരും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രദേശത്ത് സംഘർഷം ഇനിയും രൂക്ഷമാകുമെന്ന ആശങ്കകൾക്കിടയിൽ, യുദ്ധത്തിൻ്റെ അടുത്ത ഘട്ടം എന്താകുമെന്ന് ലോകം ഉറ്റുനോക്കുകയാണ്.
.






