ജാർഖണ്ഡ്: ധൻബാദ് ജില്ലയിൽ ആശ്രിത നിയമനത്തിനായി പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകൻ. ആശ്രിതനിയമനത്തിലൂടെ സർക്കാർ ജോലി നേടുന്നതിനായി സ്വന്തം പിതാവിനെ കൊലപ്പെടുത്താൻ മകൻ തന്നെയാണ് ഗൂഢാലോചന നടത്തിയത്. ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡ് (BCCL)യിലെ ജീവനക്കാരനായിരുന്ന ടുലേശ്വർ നോനിയയെയാണ് മകൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ വിജയ് നോനിയ, അഖിലേഷ് മല്ലാഹ്, അമിത് കുമാർ സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 20-നാണ് കേസിന് തുടക്കം. ചിതാഹി മുതൽ ബറോറയിലേക്കുള്ള റോഡരികിൽ ഒരു കുറ്റിച്ചെടിക്ക് സമീപം ഒരു അജ്ഞാത മൃതദേഹം കിടക്കുന്നതായി വാച്ച്മാൻ രാവിലെ 4.45ഓടെ പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അന്വേഷണം ശക്തമാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു.
അന്വേഷണം പുരോഗമിച്ചതോടെയാണ് സംഭവത്തിന്റെ ഭീകര സത്യാവസ്ഥ പുറത്തുവന്നത്. തൊഴിലില്ലായ്മയിൽ കഴിയുകയായിരുന്ന മകൻ വിജയ് നോനിയ, പിതാവിന്റെ മരണത്തിന് പിന്നാലെ BCCLയിൽ ആശ്രിത നിയമനത്തിലൂടെ ജോലി നേടുക എന്ന ലക്ഷ്യത്തോടെ കൊലപാതകം ആസൂത്രണം ചെയ്തതായി കണ്ടെത്തി. ഇതിനായി ഇയാൾ മറ്റ് രണ്ട് പ്രതികളുമായി ഏകദേശം 10 ലക്ഷം രൂപയുടെ ക്വട്ടേഷൻ നടത്തിയതായും പോലീസ് അറിയിച്ചു.
സംഭവദിവസം പിതാവിനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയ വിജയ് നോനിയയും കൂട്ടാളികളും കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. കേസുമായി ബന്ധപ്പെട്ട രക്തം തേച്ച കല്ല്, മോട്ടോർസൈക്കിൾ, വസ്ത്രങ്ങൾ തുടങ്ങിയ തെളിവുകൾ പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും അധികൃതർ അറിയിച്ചു. കുടുംബപരമായ പ്രശ്നങ്ങളും സാമ്പത്തിക ലാഭലക്ഷ്യവും ചേർന്നതാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പോലീസ് വിലയിരുത്തൽ.
ഫോറൻസിക് പരിശോധനാഫലങ്ങൾ ഉൾപ്പെടെ കൂടുതൽ തെളിവുകൾ ലഭിക്കാനുണ്ടെന്ന് പോലീസ് അറിയിച്ചു. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ ഗുരുതര വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ ഉടൻ ചാർജ്ഷീറ്റ് സമർപ്പിക്കുമെന്നും അറിയിച്ചു. കേസിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്.



















































