വാഷിങ്ടൺ: ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സമാധാന കരാറിലേക്ക് തങ്ങൾ അടുക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമിക്കില്ലെന്ന കാര്യത്തിൽ ഉറപ്പ് ലഭിച്ചാൽ മാത്രമേ കരാറിൽ ഒപ്പുവെക്കുകയുള്ളൂവെന്ന് അദ്ദേഹം ആവർത്തിച്ചു.
ഇറാൻ ഇക്കാര്യത്തിൽ സമ്മതം മൂളിയിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. ചർച്ചകളിൽ ധൃതി കാണിക്കുന്നത് നല്ലതല്ലെന്നും എന്നാൽ, അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ‘മറ്റൊരു രീതിയിൽ’ ഇത് അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്.
ഇറാന്റെ നാവികസേനയെയും വ്യോമസേനയെയും യുഎസ് പൂർണമായും തകർത്തെങ്കിലും, അവരുടെ സൈന്യത്തിലെ ഒരു വിഭാഗത്തെ ബാക്കിവെച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ സൈനിക നേതൃത്വത്തിൽ ഒരു വിഭാഗം മിതവാദികളാണെന്ന് കരുതുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇറാഖ് യുദ്ധത്തിൽ സംഭവിച്ചത് പോലെ ഒരു രാജ്യത്തിന്റെ ഘടന മുഴുവനായി തകർക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു.



















































