ഹേഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയോട് സാമ്യമുള്ള മാരക ലഹരിഗുളികകൾക്കെതിരെ മുന്നറിയിപ്പുമായി നെതർലൻഡ്‌സിലെ മയക്കുമരുന്ന് വിരുദ്ധ മാനസികാരോഗ്യ സംഘടനയായ ട്രിംബോസ് ഇൻസ്റ്റിറ്റ്യൂട്ട്. ജീവഹാനിക്ക് വരെ കാരണമാകാവുന്ന ഗുളികകൾ കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ഡച്ച് ഡ്രഗ് ടെസ്റ്റിങ് കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം ഗുളികകൾ കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. പച്ച, മഞ്ഞ നിറങ്ങളിലാണ് ഗുളികകൾ വിപണിയിലെത്തിയിരിക്കുന്നത്. ഒരുവശത്ത് ട്രംപിന്റെ മുഖസാമ്യമുള്ള രൂപവും മറുവശത്ത് ‘എൻ.എൽ.’, ‘ട്രംപ്’ എന്നീ അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്.
സാധാരണ ലഹരിഗുളികകളിൽ കാണപ്പെടുന്ന എം.ഡി.എം.എയ്ക്ക് പകരം പാരാ-മെഥോക്‌സിമെഥാംഫെറ്റാമെൻ (പി.എം.എം.എ.) എന്ന അപകടകാരിയായ ലഹരിവസ്തുവാണ് ഗുളികകളിൽ അടങ്ങിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
പി.എം.എം.എ. ശരീരത്തിന്റെ താപനില അപകടകരമായ നിലയിലേക്ക് ഉയരാൻ കാരണമാകും. എം.ഡി.എം.എയെ അപേക്ഷിച്ച് ഇതിന്റെ പ്രവർത്തനം സാവധാനത്തിലായതിനാൽ ഗുളികയുടെ ഫലം ലഭിക്കുന്നില്ലെന്ന് കരുതി കൂടുതൽ അളവിൽ കഴിക്കാനുള്ള സാധ്യതയുണ്ട്. ഇത് അമിത അളവിലുള്ള ഉപയോഗത്തിലേക്ക് നയിക്കുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യാമെന്നാണ് മുന്നറിയിപ്പ്.
നിലവിൽ ഇത്തരം ഗുളികകൾ കഴിച്ചതിനെ തുടർന്ന് രാജ്യത്ത് ആരോഗ്യപ്രശ്നങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ട്രംപിന്റെ മുഖത്തിന്റെ ആകൃതിയിലുള്ള ലഹരിഗുളികകൾ ഇതാദ്യമായല്ല യൂറോപ്പിൽ കണ്ടെത്തുന്നത്. 2017ൽ ജർമൻ പോലീസും സമാനമായ ഓറഞ്ച് നിറത്തിലുള്ള ട്രംപ് ആകൃതിയിലുള്ള ഗുളികകൾ പിടിച്ചെടുത്തിരുന്നു.






