ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ സമ്മർദ്ദവും അനിശ്ചിതത്വവും താങ്ങാൻ കഴിയാതെ വ്യത്യസ്ഥ സ്ഥലങ്ങളിലായി ജീവനൊടുക്കിയത് മൂന്ന് വിദ്യാർഥികൾ. ഡൽഹി, ഡെറാഡൂൺ, സിക്കാർ എന്നിവിടങ്ങളിൽ നടന്ന ദാരുണ സംഭവങ്ങളിൽ രണ്ട് വിദ്യാർഥിനികളും ഒരു വിദ്യാർഥിയുമാണ് ജീവനൊടുക്കിയത്, മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനായുള്ള തയാറെടുപ്പിലായിരുന്നു മൂവരും. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള ഹൃദയഭേദക കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ട്
ഡെറാഡൂണിലെ ചന്ദ്രമണി കോളനിയിൽ താമസിച്ചിരുന്ന 23-കാരിയായ റിയ കുമാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദീർഘകാലമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന റിയ, ആവർത്തിച്ച പരാജയങ്ങളും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും മൂലം ഗുരുതര മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സ്ഥലത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ “ഐ ലവ് യൂ മോം ആൻഡ് ഡാഡ്” എന്ന വാക്കുകളോടൊപ്പം പഠനത്തെയും കരിയറിനെയും കുറിച്ചുള്ള നിരാശയും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.
ഡൽഹിയിലെ സൗത്ത് വെസ്റ്റ് മേഖലയിലെ പാലം പ്രദേശത്ത് മറ്റൊരു ആത്മഹത്യ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജസ്ഥാനിലെ ആൽവാറിൽ നിന്നുള്ള റെണു ആണ് ആത്മഹത്യ ചെയ്ത മറ്റൊരു പെൺകുട്ടി. ജൂൺ 13-ന് കുടുംബാംഗങ്ങൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. മേയ് 3-ന് നടന്ന നീറ്റ് പരീക്ഷയിൽ പങ്കെടുത്തിരുന്ന റെണു, പരീക്ഷാ ക്രമക്കേടുകളും തുടർന്ന് ഉണ്ടായ അനിശ്ചിതത്വവും മൂലം ഗുരുതര മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. റെണുവിന്റേതായ ആത്മഹത്യ കുറിപ്പിലും മാതാപിതാക്കളോട് ക്ഷമാപണവും അവരുടെ പ്രതീക്ഷകൾ നിറവേറ്റാനാകാത്തതിലെ വേദനയും പ്രകടമായിരുന്നു.
മൂന്നാമത്തെ ആത്മഹത്യ റിപ്പോർട്ട് ചെയ്യപ്പെട്ടത് സിക്കാറിലാണ്. മെയ് മാസത്തിലെ പരീക്ഷയ്ക്കായി തയാറെടുത്തെങ്കിലും പരീക്ഷ റദ്ദാക്കിയതോടെ മാനസികമായി തകർന്നതിനെ തുടർന്ന് ഉമേഷ് (22) എന്ന വിദ്യാർഥിയാണ് മരിച്ചത്. ഉമേഷിന്റെ മൂന്നാമത്തെ ശ്രമമായിരുന്നു ഇത്. മുൻപ് കോച്ചിംഗ് സെന്ററുകളിൽ പഠിച്ചിരുന്നെങ്കിലും, ഇപ്പോൾ വീട്ടിലിരുന്നാണ് റീ- ടെസ്റ്റിനായി തയാറെടുത്തിരുന്നത്.
അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം സിക്കാറിലെ ഒരു അപ്പാർട്ട്മെന്റിലാണ് ഉമേഷ് താമസിച്ചിരുന്നത്. പിതാവ് മുംബൈയിൽ ബിസിനസ് നടത്തുകയാണ്. തിങ്കളാഴ്ച ഉമേഷ് അമ്മയെ ജുൻജുനുവിലുള്ള അമ്മയുടെ വീട്ടിൽ കൊണ്ടാക്കിയിരുന്നുവെന്നും, ഈ സമയം സഹോദരിയും സഹോദരനും കോച്ചിംഗിനായി പോയിരിക്കുകയായിരുന്നുവെന്നും പെലീസ് പറഞ്ഞു. “ഞാൻ ഈ ലോകത്തുനിന്ന് ദൂരേക്ക് പോവുകയാണ്, ക്ഷമിക്കണം” എന്ന് എഴുതിയ ഒരു കത്തും മുറിയിൽ കണ്ടെത്തി. ഒരു മാസത്തിനിടെ സിക്കാറിൽ മാത്രം നീറ്റ് (NEET) പരീക്ഷയ്ക്കായി തയാറെടുത്തിരുന്ന രണ്ടാമത്തെ വിദ്യാർഥിയുടെ മരണമാണ് ഉമേഷിന്റേത്.
















































